kada

മേപ്പാടി: മഹാദുരന്തത്തിന്റെ ആഴംകൂടിയ ചൂരൽമല അങ്ങാടിയിലാണ് സജ മട്ടാറയുടെയും അബ്ദുൾ അസീസിന്റെയും പഴം- പച്ചക്കറി സ്റ്റേഷനറിക്കട. നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും കേന്ദ്ര-സംസ്ഥാന സേനകളും കൈമെയ് മറന്ന് രക്ഷാപ്രവർത്തനം തുടങ്ങിയതോടെ അവർക്ക് ആശ്വാസം പകരാൻ അങ്ങാടിയിലെ സ്വന്തം കട തുറന്നാണ് സജയും അസീസും ഐക്യപ്പെട്ടത്. പാകമായ വാഴപ്പഴങ്ങൾ,ആപ്പിൾ,ഓറഞ്ച് ബേക്കറികൾ കുടിവെള്ളം എല്ലാം എല്ലാവരേടുമായി എടുത്തുകൊള്ളാൻ അവർ പറഞ്ഞു. ' ഈ ദുരന്തമുഖത്ത് ഞങ്ങൾക്ക് നൽകാൻ ഇതേ ബാക്കിയുള്ളൂ. പുതുതായി ഒരു കടതുറക്കാനായി ഉരുൾപൊട്ടലിന്റെ തലേന്ന് ഇറക്കിയതാണ് ഇതെല്ലാം. ഇവിടെ വാങ്ങാൻ വരുന്നവരെയെല്ലാം പുഴ കൊണ്ടുപോയി. ഇനി ആർക്കുവേണ്ടി തുറന്നിരിക്കണം...അപ്പോൾ ഇങ്ങനെയെങ്കിലും ഒരു കൈ സഹായം..' സജ മട്ടാറ.