വിലങ്ങാട്: വിലങ്ങാടിന്റെ ഉള്ളുപിളർന്ന് ഉരുൾപൊട്ടിയപ്പോൾ തന്റെ പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്താനിറങ്ങിയതാണ് നാട്ടുകാരുടെ പ്രിയപ്പെട്ട മാത്യു മാഷ് എന്ന മത്തായി(58). പക്ഷേ വിധി മറ്റൊന്നായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ മലവെള്ളം കൊണ്ടു പോയ മത്തായിയുടെ മൃതദേഹം വിലങ്ങാട് പുഴയോരത്ത് ഒഴുകിയെത്തിയപ്പോൾ നാടൊന്നാകെ തേങ്ങി. മഞ്ഞച്ചീളി കുന്നിൽ നാട്ടുകാരും ഫയർ ആൻഡ് റസ്ക്യൂ ടീമും എൻ.ഡി. ആർ.എഫ്. സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ പതിനൊന്ന് മണിയോടെ വിലങ്ങാട് പുഴയോരത്ത് ഒഴുകിയെത്തിയ വലിയ മരത്തടികൾക്കിടയിലായി മണ്ണിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നിരവധി വീടുകളുള്ള മഞ്ഞച്ചീളി പള്ളിയുടെ ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടെന്നറിഞ്ഞ് രക്ഷാപ്രവർത്തനത്തിനിറങ്ങിയതായിരുന്നു മാത്യു മാഷും അയൽവാസിയായ നെടുത്തരിയിൽ സിൻസും. അടുത്ത വീടുകളിൽ പുറത്ത് നടക്കുന്ന അപകട സൂചനകളാന്നുമറിയാതെ ഉറങ്ങുന്ന നിരവധി വീട്ടുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി കൊടുത്തത് മാത്യു മാഷായിരുന്നു. തുടർന്ന് റോഡിലെത്തിയപ്പോഴാണ് മഞ്ഞച്ചീളി അങ്കണവാടി ഭാഗത്ത് കുന്ന് ഇടിയുന്നതായി കണ്ടത്. കൂടെ കുത്തിയൊഴുകി വരുന്ന വെള്ളത്തിന്റെ മുഴക്കവും. ഒഴുക്കിൽ നിന്ന് രക്ഷപ്പെടാനായി റോഡിലുള്ള കടയുടെ ഭാഗത്തേക്കാണ് ഓടിയത്. നിമിഷ നേരം കൊണ്ട് ഉരുൾപൊട്ടിയ പ്രളയജലം കുതിച്ചെത്തി കടയും മാത്യു മാഷിനേയും കൊണ്ടുപോയി. വെള്ളത്തിൽ അകപ്പെട്ട മാഷിനെ രക്ഷിക്കാനായി കയറുമായി മറ്റുള്ളവർ തിരിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. മാഷ് ഓടിക്കയറിയ കടയും അവിടെയുണ്ടായില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മാഷിന് വേണ്ടിയുള്ള പ്രാർത്ഥനയും തിരച്ചിലുമായിരുന്നു.