savithri
സാവിത്രി

മേപ്പാടി: മുണ്ടക്കൈയെ കുത്തിമറിച്ച് ഉരുൾവെള്ളം പായുമ്പോൾ സാവിത്രിക്ക് നഷ്ടപ്പെട്ടത് ഒരു ആയുഷ്‌കാലത്തെ സമ്പാദ്യമായ വീടും പുരയിടവും. സാവിത്രിയും ഭർത്താവ് പളനിസ്വാമിയും എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയതാണ് ഒരു നിമിഷം കൊണ്ട് വെള്ളം കൊണ്ടുപായത്. മുണ്ടക്കൈ പള്ളിക്ക് സമീപമായിരുന്നു സാവിത്രിയുടെ വീട്. ഉരുൾപൊട്ടൽ നടക്കുമ്പോൾ സാവിത്രി സൂചിപ്പാറയിലെ ഒരു റിസോർട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടപ്പോഴാണ് അവിടെയെത്താൻ കഴിയില്ലെന്ന് അറിയുന്നത്. പിന്നീട് മാദ്ധ്യമങ്ങളിലൂടെയാണ് വീടും അയൽ വാസികളെയും നഷ്ടപ്പെട്ടത് സാവിത്രി അറിയുന്നത്.

2018ലെ ഏലമല ഉരുൾപൊട്ടലിലും സാവിത്രിക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണുണ്ടായത്. ഭർത്താവ് പളനിസ്വാമിയും സാവിത്രിയും 4 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുന്നതിനിടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിനുശേഷം പ്രദേശം കൃഷിയോഗ്യമല്ലാതായി. ലക്ഷങ്ങളുടെ കടബാദ്ധ്യതയും.

2020ൽ ഭർത്താവ് പളനിസ്വാമിയുടെ മരണശേഷം കടംവീട്ടാനായി പല ജോലികളും ചെയ്യുന്നതിനിടെയാണ് വീണ്ടുമൊരു ദുരന്തം. നാല് മക്കളാണ് സാവിത്രിക്കുള്ളത്. രണ്ടാണും രണ്ട് പെണ്ണും. ഇതിലൊരു മകൻ രോഗിയുമാണ്. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മക്കളുടെ വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ് സാവിത്രി.