neharu

മേപ്പാടി: പുത്തുമല ദുരന്തം സമാനിച്ച അനാഥത്വത്തിന്റെ ഇനിയും ഉണാത്ത മുറിവുമായി നെഹ്റു (40) മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. താൻ അനുഭവിച്ച നിസ്സഹായതയും ഏകാന്തതയും നിരവധി പേരുടെ കണ്ണുകളിൽ വീണ്ടും കണ്ടു.

ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നതിന്റെ ഭാഗമായാണ് നെഹ്റു മേപ്പാടിയിൽ എത്തിയത്.

2019ലെ പുത്തുമല ഉരുൾപൊട്ടലിലാണ് നെഹറുവിന് അച്ഛനെയും അമ്മയെയും നഷ്ടമായത്. അന്ന് നെഹ്റുവും ഇതുപോലൊരു ക്യാമ്പിൽ വിറങ്ങലിച്ച് നിന്നിട്ടുണ്ട്. അന്നുതൊട്ട് അനാഥത്വം പേറുകയാണ്. 2019 നവംബർ 18 ന് വിവാഹം തീരുമാനിച്ചിരുന്നു. അതിനിടെയാണ് പുത്തുമല ദുരന്തം. വീടും ഉറ്റവരെയും നഷ്ടപ്പെട്ടതോടെ വിവാഹം മുടങ്ങി.

പുത്തുമലയിലെ ലയത്തിലായിരുന്നു താമസം. അന്ന് കനത്ത മഴയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു നെഹ്റു ഉൾപ്പെടെയുള്ള യുവാക്കൾ. അതിനിടെ ഉരുൾപൊട്ടി. ലയത്തിൽ അമ്മയും അച്ഛനും സുരക്ഷിതരായിരിക്കുമെന്ന് കരുതിയെങ്കിലും ഉരുൾ അവരെ കൊണ്ടുപോയി. സർക്കാർ നൽകിയ ദുരിതാശ്വാസ തുകയിൽ പുത്തൂർ വയലിൽ 10 സെന്റ് സ്ഥലം വാങ്ങിയെങ്കിലും വീട് ഇപ്പോഴും വിദൂരസ്വപ്നം. വാടകയ്ക്കാണ് താമസം.