മേപ്പാടി: ഇന്നു മുതൽ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ 6 സോണുകളായി തിരിച്ച് തെരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജി.വി.എച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.
പട്ടാളം, എൻ.ഡി.ആർ.എഫ്, ഡി.എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എം.ഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക.
ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതിന് പുറമെ ചാലിയാർ കേന്ദ്രീകരിച്ച്
ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങും. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തെരയും. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും. 25 ആംബുലൻസാണ് ബെയ്‌ലി പാലം വഴി മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്‌നിക് ക്യാംപസിൽ പാർക്ക് ചെയ്യും. വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ പി .എ. മുഹമ്മദ് റിയാസ്, എ. കെ.ശശീന്ദ്രൻ, ഒ .ആർ. കേളു എന്നിവരും ജില്ലാ കളക്ടർ ഡി .ആർ. മേഘശ്രീയും പങ്കെടുത്തു.