പുഴകളിലെ നീരൊഴുക്കും ഡാം തുറന്നതിനെ തുടർന്നുള്ള കുത്തൊഴുക്കും മൂലം വെള്ളക്കെട്ടൊഴിയാതെ ഗ്രാമ പ്രദേശങ്ങൾ. നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളും വീടും കെട്ടിടങ്ങളും വെള്ളക്കെട്ടിലാണ്. രാവിലെ മഴയുടെ ശക്തി കുറഞ്ഞതോടെ കുന്ദമംഗലം, ചാത്തമംഗലം, മാവൂരിന്റെ വിവിധ പ്രദേശങ്ങൾ, പാലാഴി, ചേളന്നൂർ, ഒളോപ്പാറ, പൂനൂർ തുടങ്ങി ഭാഗങ്ങളിലെയെല്ലാം വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ വെെകീട്ട് പെയ്ത മഴയിൽ വീണ്ടും വെള്ളം കയറി. പൂനൂർ പുഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് വേങ്ങേരി, തണ്ണീർപന്തൽ, മാവിളിക്കടവ്, കണ്ണാടിക്കൽ, തടമ്പാട്ട് താഴം, കൂറ്റഞ്ചേരി ഭാഗങ്ങളിലെ ദുരിതം അവസാനിക്കുന്നില്ല. ഈ ഭാഗങ്ങളിലെ നിരവധി പേരാണ് ക്യാമ്പുകളിലായി കഴിയുന്നത്. അതേ സമയം വെള്ളം കുറഞ്ഞതിനെ തുടർന്ന് വീടുകളിലേക്ക് തന്നെ തിരിച്ചു പോയിത്തുടങ്ങിയവർ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും റോഡുകളിലും കെട്ടിക്കിടക്കുന്ന ചെളി നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ വൃത്തിയാക്കുന്ന തിരക്കിലാണ്. മുമ്പ് വെള്ളം കയറിയപ്പോൾ വീട് ശുചീകരിച്ച് താമസം തുടങ്ങി ദിവസങ്ങൾക്കകമാണ് വീണ്ടും വെള്ളപ്പൊക്കദുരിതം നേരിടേണ്ടിവന്നത്. ഇതോടെ ദുരിതം ഇരട്ടിച്ചു. വെള്ളം കയറിയതോടെ വീട്ടുപകരണങ്ങളും ഫർണിച്ചറും ഉപയോഗിക്കാൻ പറ്റാതായി. വെള്ളം ഇരച്ചെത്തിയതോടെ പല വസ്തുക്കളും സുരക്ഷിതമായി മാറ്റാൻ പലർക്കും കഴിഞ്ഞിട്ടില്ല. ഉയരത്തിൽ കയറ്റിവയ്ക്കാൻ കഴിയുന്നതെല്ലാം സുരക്ഷിതമായി മാറ്റിയെങ്കിലും വലിയ കട്ടിലും അലമാരകളും ഉൾപ്പടെയുള്ളവ വെള്ളത്തിൽ നശിച്ചു. പല റോഡുകളിലും വെള്ളക്കെട്ടുള്ളതിനാൽ ബസുകളെല്ലാം മറ്റു വഴികളിലൂടെയാണ് സർവീസ് ന
ടത്തുന്നത്. പലയിടത്തും തകരാറിലായ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി പുനസ്ഥാപിച്ചു. മലയോര മേഖലയിലേക്കുള്ള കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസ് സർവീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്.