കോഴിക്കോട്: കനത്ത് പെയ്ത മഴ ജില്ലയിലെ കാർഷികമേഖലയ്‌ക്ക് സമ്മാനിച്ചത് ഒൻപത് കോടിയുടെ നാശനഷ്ടം. അഞ്ച് ദിവസത്തെ മാത്രം മഴയിൽ നശിച്ചത് 133.44 ഹെക്ടർ കൃഷി. 3,390 കർഷകരുടെ വിവിധ വിളകളാണ് മഴയെടുത്തത്. ജൂലൈ 29 മുതൽ ഇന്നലെ വരെയുള്ള കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കാണിത്. അന്തിമകണക്കിൽ നഷ്ടത്തിന്റെ തോത് ഇനിയും ഉയരുമെന്നാണ് നിഗമനം. ഉരുൾപൊട്ടൽ സംഭവിച്ച വിലങ്ങാട് പ്രദേശത്തെ കർഷകരൊന്നും കൃഷി നഷ്ടത്തെക്കുറിച്ച് വിവരങ്ങൾ കെെമാറിയിട്ടില്ല.
വാഴക്കർഷകർക്ക് 6 കോടിയുടെ നാശം
വാഴ കർഷകർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചത്. 32.93 ഹെക്ടറിലെ കുലച്ച വാഴകളും 12.63 ഹെക്ടറിലെ കുലയ്ക്കാത്ത വാഴകളും നിലം പൊത്തി. എകദേശം ആറ് കോടി മുപ്പത്തിഅഞ്ച് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. 1436 കർ
ഷകർക്കാണ് നഷ്ടമുണ്ടായത്. 36.12 ഹെക്ടറിലെ അടക്കയും 12.79 ഹെക്ടറിലെ തെങ്ങ് കൃഷിയും നശിച്ചു. ഇതിലൂടെ കർഷകർക്കുണ്ടായത് 98.25 ലക്ഷത്തിന്റെ നഷ്ടമാണ്. ഇതോടൊപ്പം 13.200 ഹെക്ടറിലെ നെൽകൃഷി നശിച്ചതിലൂടെ 19.80 ലക്ഷമാണ് നഷ്ടം. 64.63 ലക്ഷം രൂപയുടെ കുരുമുളക് കൃഷിയും നിലം പൊത്തി. 20.48 ലക്ഷം രൂപയുടെ റബ്ബർ കൃഷിയും നഷ്ടപ്പെട്ടു. കൂടാതെ കപ്പ, മഞ്ഞൾ, കശുവണ്ടി, ഇഞ്ചി, കൊക്കോ, പച്ചക്കറി, മാങ്ങ, ജാതി എന്നിവയും നശിച്ചു.
ഇപ്പോഴുണ്ടായ നാശനഷ്ടം അന്തിമ കണക്ക് അല്ല. കർഷകർ ഓണലെെനായി നൽകിയ വിവരങ്ങളാണ്. ഇതനുസരിച്ച് ഫീൽഡ് തലത്തിൽ അന്വേഷണം നടത്തിയ ശേഷമേ നഷ്ടം എത്രയാണെന്ന് വ്യക്തമാകുകയുള്ളൂ. മാത്രമല്ല ഉരുൾപൊട്ടലുണ്ടായ ഭാഗങ്ങളിലെ കർഷകരുടെ നാശം ഇതിൽ വന്നിട്ടില്ല. അതും കൂടെ ഉൾപ്പെടുത്തുമ്പോൾ നഷ്ടത്തിന്റെ കണക്ക് ഉയരും
രജനി മുരളീധരൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ