കോഴിക്കോട്: കലി തുള്ളി പെയ്ത മഴയ്ക്ക് ജില്ലയിൽ നേരിയ ശമനം. യെല്ലോ അലേർട്ടായിരുന്ന ജില്ലയിൽ ഇടയ്ക്കിടെ വലിയ മഴ പെയ്തുവെന്നല്ലാതെ തുടർച്ചയായ കനത്ത മഴയുണ്ടായില്ല. മലയോര മേഖലകളെ അപേക്ഷിച്ച് നഗരത്തിൽ ഇന്നലെ വളരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മലയോരത്ത് മഴ കുറഞ്ഞെങ്കിലും ഭീതിയൊഴിഞ്ഞിട്ടില്ല. പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾ തിരികെയെത്തിത്തുടങ്ങി. ഇവർ മണിക്കൂറുകളോളം പ്രയാസപ്പെട്ടാണ് വീടുകളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കുന്നത്. അതേ സമയം വീണ്ടും വെള്ളം വരുമെന്ന ഭീതിയിൽ ഫർണിച്ചറും വീട്ടുപകരണങ്ങളും യഥാസ്ഥാനത്തു തിരിച്ചു വയ്ക്കാൻ വീട്ടുക്കാർ മടിക്കുന്നുമുണ്ട്. വീട്ടിനുള്ളിലെത്തിയ വെള്ളത്തിനൊപ്പം കയറിക്കൂടിയ ഇഴജന്തുക്കളെ അകറ്റുന്നതാണ് വീട്ടുകാർ നേരിടുന്ന വെല്ലുവിളി. കിണറുകളും ശുചിമുറികളും ഉപയോഗശൂന്യമായതിനാൽ പല വീടുകളും താമസയോഗ്യമാകാൻ ദിവസങ്ങൾ എടുക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കിലും അപകട സാഹചര്യങ്ങൾ പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ല. പൊട്ടിക്കിടക്കുന്ന വൈദ്യുത ലൈൻ, കുഴി എന്നിവയുണ്ടാകാമെന്നതിനാൽ ചെറിയ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ നടക്കുമ്പോൾ പോലും പ്രത്യേകം ശ്രദ്ധിക്കണം.
ദുരന്തം ക്ഷണിച്ച് വരുത്തി പൊന്നുംതോര മല
താമരശ്ശേരി കിഴക്കോത്ത് പഞ്ചായത്തിലെ പൊന്നുംതോര മലയിൽ മലയിടിച്ചിൽ ഭീതിമൂലം 196 കുടുംബാംഗങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. അനധികൃത ചെങ്കൽ ക്വാറിയും നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. മഴ ശക്തമായതോടെ വെളളമിറങ്ങി ചരിവിൽ താമസിക്കുന്ന കിണറുകളിൽ തിരയിളക്കവും അസാധാരണ ശബ്ദവും പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതോടെ വലിയ പറമ്പ് സ്‌കൂളിൽ ഒരുക്കിയ ക്യാമ്പിലേക്ക് ജനങ്ങളെ മാറ്റി. ദുരിതാശ്വാസക്യാമ്പും മലയുടെ മുകൾ പരപ്പിലെ ക്വാറിയും ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.കെ.സജീവന്റെ നേതൃത്വത്തിലുളള സംഘം സന്ദർശിച്ചു.
വെള്ളക്കെട്ടും പകർച്ചവ്യാധി ഭീഷണിയും
മഴ കുറഞ്ഞെങ്കിലും പലവിധ രോഗങ്ങൾക്കുള്ള സാദ്ധ്യതയും ഏറുന്നതിനാൽ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളക്കെട്ട് പൂർണമായി ഒഴിയാത്തിനാൽ എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും കോളറയും അടക്കമുള്ള പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യത കൂടുതലാണ്. വെള്ളത്തിൽ നിന്നു കൊതുകുജന്യ രോഗങ്ങൾക്കു സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കെെകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ചികിത്സ തേടുക. കിണറുകളിൽ മലിനജലം കലർന്നതിനാൽ അണുനശീകരണം ചെയ്ത് മാത്രമേ ഉപയോഗിക്കാവൂ.
കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി
43 ദുരിതാശ്വാസ ക്യാംപുകളിലായി 2685 പേർ
കോഴിക്കോട്: മഴയുടെ ശക്തികുറയുകയും വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തോടെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങി കുടുംബങ്ങൾ. ജില്ലയിലെ നാല് താലൂക്കുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളിൽ 38 ക്യാംപുകൾ ഒഴിവാക്കി. 43 ക്യാംപുകളിലായി കഴിയുന്നത് 2685 ആളുകളാണ്. കോഴിക്കോട് താലൂക്കിലെ കക്കോടി വില്ലേജിൽ പുതുതായി രണ്ട് ക്യാംപുകൾ കൂടി ആരംഭിച്ചു.
താമരശ്ശേരി താലൂക്കിലെ കാന്തലാട് വില്ലേജിൽ പെരിയമല ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ സമീപത്തെ വീടുകളിൽ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താമരശ്ശേരി താലൂക്കിൽ ഒരു വീട് ഭാഗികമായി തകർന്നു. കട്ടിപ്പാറ വില്ലേജിലെ മാവുള്ളപൊയിലിൽ വലിയ പാറക്കല്ലിന്റെ ചെറിയൊരു ഭാഗം വേർപെട്ട് താഴേക്ക് പതിച്ചു. പാറയുടെ അരികിലുള്ള ഒരു മരം കടപുഴകുകയും തൊട്ടടുത്ത ഒരു മരം ഭാഗികമായി പൊട്ടിവീഴുകയും ചെയ്തു. പ്രദേശത്തെ ആളുകളെ നേരത്തെ തന്നെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിരുന്നു.
കോഴിക്കോട് താലൂക്കിലെ 13 ക്യാംപുകളിൽ 139 കുടുംബങ്ങളിൽ നിന്നും 386 ആളുകളും താമരശ്ശേരി താലൂക്കിലെ 10 ക്യാംപുകളിൽ 214 കുടുംബങ്ങളിൽ നിന്നായി 567 ആളുകളും, കൊയിലാണ്ടി താലൂക്കിലെ 10 ക്യാംപുകളിൽ 161 കുടുംബങ്ങളിൽ നിന്നായി 444 പേരും, വടകര താലൂക്കിലെ 10 ക്യാംപുകളിൽ 350 കുടുംബങ്ങളിൽ നിന്നുള്ള 1288 ആളുകളുമാണുള്ളത്.