മേപ്പാടി: കാണാതായ മക്കളെയും കാത്തിരിക്കുകയാണ് ഗവ. ഹയർ സെക്കൻഡി സ്‌കൂളിലെ ക്യാമ്പിൽ മഹാദേവി (70). കലങ്ങിമറിഞ്ഞ ഹൃദയത്തിൽ കണ്ണീർ പൊഴിക്കാനില്ല. മക്കളും പേരക്കുട്ടികളുമായി ഒമ്പത് പേരെയാണ് മഹാദേവിക്ക് നഷ്ടമായത്. 6 പേരുടെ മൃതദേഹം കിട്ടി. ഇനി മൂന്ന് പേരെ കിട്ടാനുണ്ട്.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓരോ മൃതദേഹം എത്തുമ്പോഴും മഹാദേവി അവിടെയെത്തും. തിരിച്ചറിയുന്ന മൃതദേഹങ്ങൾക്ക് മുന്നിൽ കരയാൻ പോലും കഴിയാതെ തിരിച്ച് ക്യാമ്പിലേക്ക്. ചൂരൽമല ടൗണിലെ അമ്പലത്തോട് ചേർന്നാണ് ഇവരുടെ വീട്. അഞ്ച് മക്കളുണ്ട്.മഹാദേവിക്ക്
മൂന്ന് ആണും, രണ്ട് പെണ്ണും. ഇതിൽ ആൺ മക്കളായ ഗുരുമല്ലൻ, ശിവണ്ണൻ, സിദ്ധരാജ് ഇവരുടെ ഭാര്യമാരായ സാവിത്രി, സവിത, ദിവ്യ
എന്നിലരും ഇവരുടെ മക്കളുമാണ് കാണാതായത്. ഇതിൽ ഒരു മകന്റെ മകൾ മാത്രം രക്ഷപ്പെട്ടു. മൂവരും അടുത്തടുത്തായാണ് കുടുംബവുമായി താമസിക്കുന്നത്. ആദ്യത്തെ ഉരുൾ പൊട്ടിയപ്പോൾ തന്നെ മഹാദേവിയും മകളും വീട് വിട്ട് കൂടുതൽ ഉയർന്ന പ്രദേശത്തേക്ക് മാറുകയായിരുന്നു. മക്കളും രക്ഷപ്പെട്ടുവെന്നാണ് വിചാരിച്ചത്. നേരം പുലർന്നപ്പോഴാണ് വീടും മക്കളുമെല്ലാം നഷ്ടപ്പെട്ട വിവരം അറിയുന്നത്.