vil
കോ​ഴി​ക്കോ​ട് ​വി​ല​ങ്ങാ​ട് ​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ ​സ്ഥ​ലം

നാദാപുരം: വിലങ്ങാട് മലയോരത്തെ ദീതിയിലാഴ്ത്തിയ ഉരുൾപൊട്ടൽ അവസാനിച്ചിട്ട് നാല് നാൾ പിന്നിട്ടെങ്കിലും ജനങ്ങളുടെ മനസിന് ഏൽപിച്ച ആഘാതം വിട്ടു മാറിയിട്ടില്ല. ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് എല്ലാവരും. കേട്ടതിനേക്കാളേറെ ഭീകരമാണ് വിലങ്ങാട് മലയോരത്തെ അവസ്ഥ. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് പാതി തകർന്ന് കിടക്കുകയാണ്. മഞ്ഞച്ചീളിയിലും അടിച്ചി പാറയിലേക്കുമുള്ള റോഡുകൾ പ്രളയജലത്തിൽ കുത്തിയൊഴുകി പോയി. ആദിവാസി കേന്ദ്രങ്ങളായ കുറ്റല്ലൂർ, പാലൂർ എന്നിവിടങ്ങളിൽ ഇന്നലെ മാത്രമാണ് ദുരിതാശ്വാസ സാമഗ്രികൾ തലച്ചുമടായി എത്തിക്കാൻ കഴിഞ്ഞത്.

പുഴയിലും റോഡരികിലും ഒഴുകി വന്ന് അടിഞ്ഞുകൂടിയ വൻ പാറകളും വൻമരങ്ങളും ഇവിടെയുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വിളിച്ചോതുന്നു. വിലങ്ങാട് അടിച്ചിപ്പാറ മലയിലാണ് ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രം. അവിടെ നിന്ന് കിലോമീറ്ററുകൾ താണ്ടിയെത്തിയ വൻപാറകളും പിഴുതെറിയപ്പെട്ട വൻ മരങ്ങളും മണ്ണും ചെളിയും കുത്തിയൊഴുകി സംഹാര താണ്ഡവമാടിയതിന്റെ ശേഷിപ്പുകളാണ് എവിടെയും. കടകളുടെയും ബസ് ഷെൽട്ടറുകളുടെയും മുകളിൽ പോലും ഒഴുകിയെത്തിയ മരക്കഷണങ്ങളും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടി കിടക്കുന്നു. ഇവിടെയുണ്ടായിരുന്ന ചെറുതോടുകൾ ഇപ്പോഴും രൗദ്രഭാവത്തോടെ വീതി കൂടി പുഴയായി കുത്തിയൊഴുകുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ടരക്കാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. മഞ്ഞക്കുന്ന് ഭാഗത്തെ അടിച്ചിപ്പാറ മഞ്ഞചീളി ഭാഗത്താണ് മൂന്നിടങ്ങളിലായി ഉരുൾപൊട്ടുന്നത്. ഉടനെ ആളുകളെ മാറ്റിയതിനാൽ നിരവധി മനുഷ്യ ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു. ഇരുപതോളം വീടുകൾ നശിച്ചു. പാലൂർ ഇടവക പരിധിയിൽ പന്ത്രണ്ടോളം ഇടങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായി. റോഡ് മാർഗങ്ങൾ ആ പ്രദേശത്തേക്ക് എത്തിച്ചേരാൻ പറ്റാത്ത വിധം തടസപ്പെട്ടു കിടക്കുകയാണ്. മഞ്ഞക്കുന്ന് പാരീഷ് ഹാൾ, വിലങ്ങാട് സ്കൂൾ, വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.