fish
fish

കോഴിക്കോട്: ട്രോളിംഗ് കഴിഞ്ഞിട്ടും തീരത്ത് മീനില്ല. കയറ്റുമതിയും കുറഞ്ഞു. ആശങ്കയൊഴിയാതെ മത്സ്യത്തൊഴിലാളികൾ.

52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം കടന്നുകിട്ടിയതിന്റെ ആശ്വാസത്തിൽ കടലിലിറങ്ങിയ തൊഴിലാളികൾക്ക് നിരാശയായിരുന്നു ഫലം. കൂടുതൽ വില ലഭിക്കുന്ന പൂവാലൻ ചെമ്മീനും കണവയും ഇതുവരെ കിട്ടിയില്ല. കിളിമീൻ മാത്രമാണ് ലഭിക്കുന്നത്. അതും കുറവ്. സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളിൽ തന്നെ 20മുതൽ 30 ടണ്ണോളം കിളിമീൻ നിറഞ്ഞ ബോട്ടുകൾ തീരം തൊടാറുണ്ട്. എന്നാൽ ഇത്തവണ പകുതി പോലും കിട്ടിയിട്ടില്ല. കൂട്ടത്തിൽ ധാരാളമായി ലഭിക്കുന്ന കരിക്കാടി ചെമ്മീനും പൂവാലനും, കണവ, മാന്തൽ എന്നിവയും കാര്യമായി കിട്ടിയില്ല. ഹാർബറിൽ എത്തിച്ച മത്സ്യങ്ങൾ എടുക്കാൻ ആളില്ലാത്തതും പ്രതിസന്ധി കൂട്ടുകയാണ്. ഇതോടെ പകുതി വിലയ്ക്ക് മത്സ്യം വിൽക്കുകയാണ് തൊഴിലാളികൾ. ഹാർബറിൽ മീൻ വില കുറവാണെങ്കിലും പൊതുമാർക്കറ്റിൽ വില കൂടുതലാണ്. മീൻ ലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുകയാണ്.

 നിയന്ത്രണം ആശങ്ക

കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ ട്രോളിംഗ് വലകൾ ഉപയോഗിച്ചുള്ള പുറംകടൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായിട്ടുണ്ട്. ട്രോളിംഗ് അവസാനിച്ച രാത്രി ചെറിയ ബോട്ടുകൾ മാത്രമാണ് കടലിലേക്ക് പുറപ്പെട്ടത്. വലിയ ബോട്ടുകൾ മീൻ പിടിത്തത്തിന് പുറപ്പെട്ടെങ്കിലും ആഴക്കടലിലേക്ക് പോയിട്ടില്ല. ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായി രജിസ്റ്റർ ചെയ്ത 1250 ഓളം യന്ത്രവൽകൃത ബോട്ടുകളാണുള്ളത്. ഇവയിൽ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്. 500 നോട്ടിക്കൽ മൈൽ വരെ പോയ ബോട്ടുകളാണ് ഇന്നലെ വരെ മടങ്ങിയെത്തിയത്. പുറംകടലിലേക്ക് പോയ ബോട്ടുകൾ കടലിൽ തന്നെ തുടരുകയാണ്.

 മീനില്ല വിലയിലും കുറവില്ല

ആഴക്കടലിൽ നിന്ന് വലിയ തോതിൽ മത്സ്യങ്ങൾ എത്താത്തതിനാൽ മീൻ വിലയിൽ കുറവില്ല. വിപണി സജീവമാകാൻ രണ്ടാഴ്ച കൂടിയെടുത്തേക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും കർണാടക തീരങ്ങളിൽ വിലക്കുണ്ട്. അതിനാൽ 15ന് ശേഷം മത്സ്യബന്ധനം നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് മത്സ്യത്തൊഴിലാളികൾ. ആഴക്കടലിലെ മത്സ്യബന്ധനത്തിന് ബോട്ടുകൾ പുറപ്പെടുന്നതോടെ വിപണി ഉഷാറാകും. മീൻ ലഭ്യത കൂടും ഇതോടെ വിലയും കുറയും.

 മത്സ്യം- കിലോ

മത്തി- 240

അയല-260

മാന്തൾ(വലുത്)- 300

കലുവകോര- 150

പുയ്ളാപ്ളക്കോര- 150

ഞണ്ട്- 300