മേപ്പാടി: രക്ഷാദൗത്യത്തിന് നിലമ്പൂരിൽ നിന്ന് നടന്നെത്തിയതാണ് മൂന്ന് കൂട്ടുകാർ. നിലമ്പൂർ മുണ്ടേരി തമ്പുരാട്ടിക്കല്ല് കെ.ടി സാലിം, അരീക്കോട് സ്വദേശി മുഹ്സിൻ, മുണ്ടേരിയിലെ റെയ്സ്.
ഭക്ഷണവും വെള്ളവും ഇല്ലാതെ അവശരായി സൂചിപ്പാറയിൽ പാറക്കെട്ടുകളിൽ കുടുങ്ങി. ചെറിയ പരിക്കുകളും പറ്റി. ആരെയും വിളിക്കാൻ കൈയിൽ ഫോണില്ല. ആശങ്കയിൽ ഒരു രാത്രിയും അര പകലും. തിരച്ചിലിന്റെ ഭാഗമായി ഇന്നലെ രാവിലെ അവിടെ എത്തിയ സൈന്യം രക്ഷകരായി. സാലിമിനെയും മുഹ്സിനെയും സേന ഹെലികോപ്റ്ററിൽ ചൂരൽമലയിൽ എത്തിച്ചപ്പോൾ റെയ്സിന് രഞ്ജിത്ത് ഇസ്രായേൽ രക്ഷകനായി. മൂവരെയും ആർമി ഡോക്ടർ പരിശോധിച്ച് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുത്ത ശേഷം ചൂരൽമലയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് മൂവരും കുടുങ്ങിയത്.
സാലിം സംഭവം വിവരിച്ചു. '' നിലമ്പൂരിലെ ഫ്ളൈയിംഗ് തമ്പുരാട്ടി ടീമംഗങ്ങളായ ഞങ്ങളും ചാലിയാറിൽ തിരച്ചിലിനിറങ്ങിയിരുന്നു. അറുപതോളം മൃതദേഹങ്ങൾ ഞങ്ങളടക്കമുള്ള സംഘം
വീണ്ടെടുത്തു. ഇന്നലെ രാവിലെ ഒരു മൃതദേഹവും ഒരു ശരീര ഭാഗവും കിട്ടി. അതോടെ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുമെന്ന് കരുതി മുന്നോട്ട് പോയി. ആറ്റിൽ നീന്തിയും കരയിലൂടെ നടന്നും പോകുന്നതിനിടെ സംഘാംഗങ്ങൾ പല വഴിക്കായി. ഞങ്ങൾ മൂന്നു പേരും സൂചിപ്പാറയിലെത്തി. മുഹ്സിൻ തളർന്നു. അള്ളിപ്പിടിച്ച് പാറക്കൂട്ടങ്ങൾക്കിടയിൽ അഭയം തേടി. രക്ഷാപ്രവർത്തകരെത്തിയത് ഭാഗ്യം...