rajendran
രാജേന്ദ്രൻ

മേപ്പാടി: ചൂരൽമലയിൽ ഉരുൾവെള്ളം കയറിത്തുടങ്ങിയപ്പോൾതന്നെ വിവരം വിളിച്ചറിയിച്ച് തങ്ങളെ രക്ഷപ്പെടുത്തിയ കുടുംബത്തിലെ അമ്മയും കുട്ടിയും മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നത് രാജേന്ദ്രന് തീരാവേദനയായി. സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ ഫാക്ടറി സൂപ്പർവൈസർ രാജേന്ദ്രനും അവിടുത്ത തൊഴിലാളിയായ ഭാര്യ മഞ്ജുവും ഉരുൾ പൊട്ടലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

രണ്ടാമത്തെ ഉരുൾപൊട്ടലിൽ രാജേന്ദ്രന്റെ വീട് പൂർണമായി നശിച്ചു. ജിഷ ഫോൺ വിളിച്ച് അറിയിച്ചില്ലായിരുന്നെങ്കിൽ താനും ഉരുൾപൊട്ടലിൽ പെട്ടേനെയെന്ന് രാജേന്ദ്രൻ പറയുന്നു.

രാത്രിയിൽ ഫോൺ നിർത്താതെ ബെല്ലടിച്ചത് കേട്ടാണ് രാജേന്ദ്രനും ഭാര്യയും ഉണർന്നത്. മഞ്ജുവിന്റെ കൂടെ ജോലി ചെയ്യുന്ന ഗീതയുടെ മകൾ ജിഷയായിരുന്നു ഫോണിൽ. ഉരുൾ പൊട്ടിയെന്നും തങ്ങൾ സുരക്ഷിതരാണെന്നും രക്ഷപ്പെടുത്താനായി വരേണ്ടെന്നും ജിഷ പറഞ്ഞു. വിവരം അടുത്തുള്ളവരെയെല്ലാം അറിയിച്ചശേഷം ഭാര്യയ്ക്കൊപ്പം ചൂരൽ മല ടൗണിലേക്ക് രാജേന്ദ്രൻ പോവുകയായിരുന്നു . അവിടെയുണ്ടായിരുന്ന ആറ് ചെറുപ്പക്കാരെയും കൂട്ടി അക്കരെ ഭാഗത്തുള്ള 39 പേരെ ഇക്കരെയെത്തിച്ചു. ഈ സമയം പുഴ ഗതിമാറിയൊഴുകിയിട്ടില്ല. അതിനിടെയാണ് സമീപത്തെ മൂന്ന് വീടുകളുടെ ടെറസുകളിലായി 53 പേരുണ്ടെന്ന വിവരം ജിഷ ഫോണിൽ വിളിച്ചു പറയുന്നത്. തങ്ങൾ ടെറസിനു മുകളിലായതിനാൽ പ്രശ്നമില്ല, വെള്ളം ഉയർന്നാലും ബുദ്ധിമുട്ടുണ്ടാവില്ല എന്നായിരുന്നു ജിഷ പറഞ്ഞത്. എന്നാൽ നിമിഷങ്ങൾക്കകം രണ്ടാമത്തെ ഉരുൾ പൊട്ടലിൽ പുഴ ഗതിമാറി ഇതുവഴി ഒഴുകിത്തുടങ്ങിയതും ഈ മൂന്ന് വീടുകളെയും മലവെള്ളപ്പാച്ചിലെടുക്കുകയുമായിരുന്നു. ഉടുത്ത സാരിയഴിച്ച് ടെറസുകളിൽ കെട്ടിത്തൂക്കി രക്ഷപ്പെടാൻ പലരും ശ്രമിച്ചു. ജിഷയും രണ്ട് വയസുള്ള കുട്ടിയും മാത്രമാണ് സുരക്ഷിതരായി ബന്ധുവീട്ടിലെത്തിയത്. അമ്മ, അമ്മൂമ്മ, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവരെ ജിഷയ്ക്കു നഷ്ടമായി. കാണാതായവരിൽ ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ളവരെക്കുറിച്ച് വിവരമില്ല.