മേപ്പാടി: ദുരന്തം വിതച്ച് അഞ്ചു ദിവസം പിന്നിട്ടിട്ടും ഉറ്റവർക്കായുള്ള കാത്തിരിപ്പ് തുടരുന്നു. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനുമുന്നിൽ ഓരോ അംബുലൻസ് എത്തുമ്പോഴും ഓടിയടുക്കുന്ന ബന്ധുകൾ നൊമ്പരക്കാഴ്ചയാവുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയുമായി നിരവധി പേർ ആശുപത്രിയുടെ കോമ്പൗണ്ടിൽ കഴിയുകയാണ്.
ചുണ്ടേൽ സ്വദേശി മനോജ് അടുത്ത ബന്ധുകളെ തിരിച്ചറിയുന്നതിനായി ഇവിടെയെത്തിയിട്ട് അഞ്ച് ദിവസമായിരിക്കുന്നു. മാമന്റെ മകളും കുടുംബത്തെയുമാണ് മനോജിന് നഷ്ടപ്പെട്ടത്. ആറു പേരടങ്ങുന്ന കുടുംബത്തിൽ നാലുപേരുടെ മൃതശരീരം കിട്ടി. അവശേഷിക്കുന്ന രണ്ടു പേർക്കായാണ് മനോജിന്റെ കാത്തിരിപ്പ്. ഹാരിസൺ എസ്റ്റേറ്റ് കണക്കെഴുത്തുകാരാൻ ഗിരീഷും ഭാര്യ രജനിയും മക്കളായ ഷാരോൺ,ഷരൺ. ഷാരോണിന്റെ ഭാര്യ പവിത്ര. മകൾ രണ്ട് വയസുകാരി ദീപ്തിയ എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. മൂന്ന് വർഷം മുമ്പാണ് ഗീരീഷ് സ്ഥലംമാറി ചൂരൽ മലയിലെത്തുന്നത്. പൊഴുതനയിൽ സ്വന്തം വീടും സ്ഥലവുമുണ്ട്. കഴിഞ്ഞ ദിവസം ഗിരീഷ്,രജനി,ഷരൺ,ദീപ്തിയ എന്നിവരുടെ മൃതശരീരം ലഭിച്ചു. ഇനി ഷാരോൺ ഭാര്യ പവിത്ര എന്നിവരെ കിട്ടാന്നുണ്ട്.
ദുരന്തത്തിൽ നഷ്ടപ്പെട്ട സഹോദരി ആയിഷയുടെ ബോഡി തിരിച്ചറിയുന്നതിനാണ് സുബൈർ ആശുപത്രിയിലെത്തിയത്. ചൂരൽമല ടൗണിൽ കടയോട് ചേർന്നായിരുന്നു ഇവരുടെ വീട്. കടയിലേക്കും വീട്ടിലേക്കും അടിച്ചുകയറിയ മലവെള്ളത്തിൽ ആയിഷ ഒഴുകിപ്പോവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭർത്താവ് അബൂബക്കർ മക്കളായ മുനീർ,സമദ്,അനീസ് ഇവരുടെ ഭാര്യമാർ,മക്കൾ എന്നിവർ ദുരന്തത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിൽ രണ്ട് മക്കൾ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.