riyas
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് സന്ദർശിക്കുന്ന മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം

 രേഖകൾ നഷ്ടപ്പെട്ടവർക്ക് സ്പെഷ്യൽ അദാലത്ത് നടത്തും

നോഡൽ ഓഫീസറെ നിയമിക്കും

കളക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം അന്തിമ തീരുമാനം

കോഴിക്കോട്: നിരവധി ഉരുൾപൊട്ടലുകളുണ്ടായ വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ വലിയ തകർച്ചയാണുണ്ടായതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാടിന്റെ ഭീകരമായ ദുരന്തത്തിനിടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തുവന്നിട്ടില്ല. അദ്ധ്യാപകൻ മാത്യുവിന്റെ ജീവൻ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും വീടുകളും കടകളും റോഡുകളും കലുങ്കുകളും പാലങ്ങളും കൃഷിയും നഷ്ടമായി. ജില്ലാ കളക്ടർ ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥലം എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുമായി യോഗം ചേർന്ന് ആളുകളുടെ പുനരധിവാസകാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

വിലങ്ങാട് ഏറ്റവും ഫലവത്തായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം കേട്ട ശേഷമേ പുനരധിവാസം തീരുമാനിക്കുകയുള്ളൂ. നിരവധി സഹായങ്ങൾ വന്നു കഴിഞ്ഞു. ഇതെല്ലാം കൂടി ഒരു ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമം. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം ചർച്ച ചെയ്ത് തീരുമാനമെടുക്കും.

സർട്ടിഫിക്കറ്റുകൾ അടക്കം പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കായി സ്പെഷ്യൽ അദാലത്ത് നടത്തും. ക്യാമ്പിൽ കഴിയുന്ന വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്യും. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുമായി സംസാരിക്കും. ഇക്കാര്യം ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കും.
വിലങ്ങാടിന് വേണ്ടത് പ്രത്യേക പാക്കേജാണെന്നും ഇക്കാര്യം മന്ത്രിക്ക് ബോദ്ധ്യപ്പെട്ടതായും ഷാഫി പറമ്പിൽ എം. പി പറഞ്ഞു. വിലങ്ങാട് ടൗൺ, ഉരുട്ടി പാലം, മരണപ്പെട്ട കുളത്തിങ്കൽ മാത്യുവിന്റെ വീട്, മഞ്ഞച്ചീളി, പാലൂർ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സംഘം സന്ദർശിച്ചു. ഇ.കെ വിജയൻ എം.എൽ.എ, കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത്
അഞ്ച് വീടുകൾ നിർമ്മിച്ചു നൽകും

നാദാപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് വീട് നഷ്ടപ്പെട്ടവർക്ക് അഞ്ചു വീടുകൾ തൂണേരി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചു നൽകും. സ്ഥലം സൗജന്യമായി ലഭിക്കുകയാണെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഷെൽട്ടറും വിലങ്ങാടിനടുത്തായി നിർമ്മിച്ചു നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപയും

തൂണരി ബ്ലോക്ക് പഞ്ചായത്ത് നൽകിയിട്ടുണ്ട്.