മേപ്പാടി: പുഴ പൂജാരിയെയും വിഗ്രഹത്തെയും കൊണ്ടുപോയി. ദുരന്തങ്ങൾക്ക് മൂക സാക്ഷിയായി ആൽമരം മാത്രം. ചൂരൽ മലയ്ക്കും മുണ്ടക്കെെയ്ക്കും കുറുകെ സെെന്യം നിർമ്മിച്ച പാലത്തോട് ചേർന്നാണ് ആൽമരം. ചുറ്റും പുഴ കശക്കിയെറിഞ്ഞ മരങ്ങളും പാറക്കൂട്ടങ്ങളും. ഇവിടെ ഒരു ക്ഷേത്രവും പൂജാരിയുമുണ്ടായിരുന്നു. ചൂരൽമല നിവാസികളുടെ പ്രധാന ആരാധനാലയമായിരുന്നു ചൂരൽമല ശിവക്ഷേത്രം. സ്വയംഭൂവായ ശിവ വിഗ്രഹം. അവിടത്തെ പൂജാരിയായിരുന്നു പുഴ കൊണ്ടുപോയ തമിഴ്നാട് പന്തല്ലൂർ സ്വദേശി കല്യാൺ കുമാർ. പത്ത് വർഷമായി ക്ഷേത്രത്തോട് ചേർന്നുള്ള വീട്ടിലായിരുന്നു താമസം. ഭരണസമിതി നൽകിയവീടാണ്. രണ്ട് നേരവും പൂജ നടക്കുകയും ടൂറിസ്റ്റുകളടക്കം നിരവധി പേർ വന്ന് പോകുകയും ചെയ്യുന്ന ക്ഷേത്രം. ദുരന്തം നടക്കുന്നതിന്റെ തലേന്നും പൂജയുണ്ടായിരുന്നു. തലേന്ന് മഴ കനത്തപ്പോൾ പൂജാരിയോട് സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് പറഞ്ഞതായി ക്ഷേത്രം കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.എസ് രാജേന്ദ്രൻ വെളിപ്പെടുത്തി. അദ്ദേഹം അതിന് തയ്യാറായില്ല. പക്ഷേ പുലർച്ചെയറിഞ്ഞത് ക്ഷേത്രമടക്കം എല്ലാം പുഴ കൊണ്ടുപോയെന്നാണ്. ഞങ്ങൾ ഓടിക്കിതച്ചെത്തിയപ്പോഴേക്കും ക്ഷേത്രത്തിന്റെ സ്ഥാനത്ത് പുഴയാണ്. രണ്ട് ദിവസം കഴിഞ്ഞാണ് സമീപത്ത് നിന്ന് പൂജാരിയുടെ തല കിട്ടിയത്. ശരീരഭാഗം എങ്ങോ ഒലിച്ചു പോയി. വിവരമറിഞ്ഞെത്തിയ വീട്ടുകാർ ആ തലയുമായി നാട്ടിലേക്ക് മടങ്ങിയെന്ന് വിതുമ്പലോടെ രാജേന്ദ്രൻ പറഞ്ഞു.