കോഴിക്കോട്: മഴ മാറി മാനം തെളിഞ്ഞെങ്കിലും പല തരം പകർച്ചവ്യാധികളുടെ പിടിയലമർന്ന് ജില്ല. പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നതിനാൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുകയാണ്. ഈ മാസം ഇതുവരെ 124 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ 28 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം 151 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലയോര മേഖലകളിലും നഗരത്തിലും ഒരു പോലെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രളയത്തിന് പിന്നാലെ പകർച്ചവ്യാധികളുടെ വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ പെറ്റുപെരുകാനുള്ള സാദ്ധ്യത ഏറെയാണ്. കുറച്ചു ദിവസങ്ങൾ കൂടി മഴ പൂർണമായി മാറിനിന്നാൽ മാത്രമേ വെള്ളക്കെട്ട് ഒഴിയൂ. എന്നാൽ, അതിനുള്ളിൽ രോഗവ്യാപനം കൂടുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. അതേ സമയം ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
ഡെങ്കിക്കൊപ്പം എലിപ്പനിയും
മഴ ശക്തമായതോടെ ജില്ലയിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. 13 പേരാണ് ഈ മാസം ഇതുവരെ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. അതിൽ 2 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 28 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. പ്രതിദിന പനിബാധിതരുടെ എണ്ണവും ഉയരുകയാണ്. ഈ ദിവസങ്ങളിൽ 3804 പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. കുട്ടികളിലും വൈറൽ പനി പടർന്ന് പിടിക്കുന്നതിനാൽ മുൻകരുതൽ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഛർദിയും വയറിളക്കവും പടർന്ന് പിടിക്കുന്നുണ്ട്.
ശുചിത്വം മുഖ്യം
ശുചിത്വം പാലിക്കുകയെന്നതാണ് ഡെങ്കിക്കെതിരെയുള്ള പ്രധാന ആയുധം. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡർ കലക്കിയ ലായനി ഒഴിച്ച് അണുനശീകരണം നടത്തുക. മലിനപ്പെട്ട കിണറുകൾ, ടാങ്കുകൾ, കുടിവെള്ള സ്രോതസ്സുകൾ എന്നിവ അണുവിമുക്തമാക്കുക.മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികൾ സ്വീകരിക്കേണ്ടതും എലിപ്പനിക്കെതിരെ പ്രതിരോധമരുന്ന് കഴിക്കേണ്ടതുമാണ്. വ്യക്തിശുചിത്വം പാലിക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധജലമാണ് മാത്രമാണ് കുടിക്കുന്നതെന്ന് ഉറപ്പാക്കണം
അസുഖം- രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് (ജൂലെെ 1 മുതൽ ആഗസ്റ്റ് 4 വരെ)
പനി- 34895
ഡെങ്കിപ്പനി- 179
എലിപ്പനി- 15
മഞ്ഞപ്പിത്തം- 214
മരണം
എലിപ്പനി-4
ഡെങ്കിപ്പനി- 1
വെസ്റ്റ്നെെൽ-1