ഒളവണ്ണ: ചെറോട്ട് പറമ്പ് മിടിങ്ങലൊടി നിലം സക്കീർ ഹുസൈന്റെ ഇരുനില വീട് പകുതിയോളം ഭൂമിക്കടിയിലേക്ക് താഴ്ന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടുടമസ്ഥനായ സക്കീർ പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയാണ്. പുലർച്ചെ അദ്ദേഹം ജോലിക്ക് പോയിരുന്നു. മകൾ മൂത്ത കുട്ടിയെ സ്‌കൂളിലയക്കാൻ പോയതായിരുന്നു. ഭാര്യ ആസ്യ വീടിന്റെ പുറത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയം വീട്ടിലുണ്ടായിരുന്ന 3 വയസുള്ള മകളുടെ മകൻ മിൻസാൽ ആസ്യയോട് വീടിന്റെ ചുമർ പൊട്ടുന്നതായി വിളിച്ചു പറയുകയും ഉടൻ ആസ്യ ഓടിവന്ന് ഉമ്മറഞ്ഞു നിന്നും കുട്ടിയെ വാരിയെടുത്ത് പുറത്തേക്കോടുകയുമായിരുന്നു. നിമിഷങ്ങൾക്കകം വീടിന്റെ താഴെ നില മുഴുവനായും ഭൂമിക്കടിയിലേക്ക് താഴ്ന്നു.
സക്കീറും ഭാര്യയും മകളും രണ്ടു മക്കളുമായിരുന്നു വീട്ടിൽ താമസിക്കുന്നത്.