കോഴിക്കോട്: തെരുവുനായ ശല്യത്തിൽനിന്നും മോചനം നേടാൻ കേന്ദ്രത്തിന് നിവേദനം നൽകാൻ കോഴിക്കോട് കോർപ്പറേഷൻ. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിലെ നിയമപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയും പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുമാണ് കോർപ്പറേഷൻ നിവേദനം നൽകാനൊരുങ്ങുന്നത്. മേയർ അഡ്വ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേഷൻ കൗൺസിലിലാണ് തീരുമാനം. കൗൺസിലർമാരായ അനുരാധ തായാട്ടും, രമ്യ ഹരിദാസും അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മേയർ.
തെരുവുനായ്ക്കളെ കൊല്ലരുത് എന്ന കേന്ദ്ര നിയമം കേരളത്തെ സംബന്ധിച്ച് പുന:പരിശോധിക്കാൻ തയാറാവണം. നായ്ക്കളെ കൊല്ലണമെന്ന് പറയുകയല്ല, പക്ഷേ അവ അക്രമകാരികളായാൽ ജനങ്ങളുടെ ജീവന് ഭീഷണിയായാൽ എന്തു ചെയ്യും?. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമം അനുശാസിക്കുന്നുണ്ടല്ലോ -മേയർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെയും കാൽനട യാത്രക്കാരെയും ഇരുചക്രവാഹന യാത്രക്കാരെയുമടക്കം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 357 പേരെയാണ് തെരുവുനായ അക്രമിച്ചത്.
തെരുവുനായ നിയന്ത്രണത്തിനായി നഗരസഭ 2019 ലാണ് പൂളക്കടവിൽ എ.ബി.സി ( അനിമൽ ബർത്ത് കൺട്രോൾ) സെന്റർ സ്ഥാപിച്ചത്. അന്നത്തെ സർവേ അനുസരിച്ച് 13182 തെരുവുനായ്ക്കളാണ് ഉണ്ടായിരുന്നത്. ഇതിനകം 12748 തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. ശേഷം ഇവയെ അതാത് സ്ഥലത്ത് വിടുകയാണ് ചെയ്യുന്നത്. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളുടെ എണ്ണം കുറയേണ്ടതാണെങ്കിലും നിലവിൽ 25000 വരെ തെരുവുനായ്ക്കൾ നഗരത്തിലുണ്ടെന്നാണ് കണക്ക്. അതേസമയം നഗരത്തിൽ എ.ബി.സി സെന്റർ ഉണ്ടെന്ന ധാരണയിൽ അടുത്ത പഞ്ചായത്തുകളിൽ നിന്നടക്കം നായ്ക്കളെ ഇവിടെ കൊണ്ടുവിടുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
കെട്ടിട നമ്പർ തട്ടിപ്പ് , പ്രതിഷേധം
കെട്ടിട നമ്പർ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോർപ്പറേഷൻ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം . പ്രതിഷേധ മുദ്രവാക്യമുയർത്തിയ യു.ഡി.എഫ് കൗൺസിൽ പാർട്ടി അംഗങ്ങൾ മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബാനർ ഉയർത്തി പ്രതിഷേധിച്ചു. കോർപ്പറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടി കോർപ്പറേഷൻ വീഴ്ചയാണന്ന് കാട്ടി കെ.സി ശോഭിതയാണ് ശ്രദ്ധ ക്ഷണിച്ചത്. സസ്പെൻഷൻ റദ്ദാക്കിയ വിധിക്കെതിരെ കോർപ്പറേഷൻ ഹൈക്കോടതിയിൽ അപ്പീൽ പോയെന്ന് മേയർ മറുപടി നൽകി. എന്നാൽ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചില്ലെന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണന്നും ശോഭിത ആരോപിച്ചു.
ഹൈക്കോടതിയിൽ നിന്നും അപ്പീൽ ഫയലിൽ സ്വീകരിക്കാത്ത കാര്യം കോർപ്പറേഷനെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മേയർ വാദിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കനത്തുപെയ്ത മഴയിലും മിന്നൽ ചുഴലിയിലും ജില്ലയിലെ വിവിധ വാർഡുകളിൽ ഉണ്ടായ നാശത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കൗൺസിലർമാർ ശ്രദ്ധ ക്ഷണിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് കോർപ്പറേഷൻ എടുക്കുന്നുണ്ടെന്നും അർഹരായവർക്ക് ഉടൻ നഷ്ടപരിഹാരം ലഭിക്കുമെന്നും മേയർ ഉറപ്പ് നൽകി. കനോലി കനാലിന്റെ എരഞ്ഞിപ്പാലം ഭാഗത്ത് മാംസാവശിഷ്ടങ്ങൾ തള്ളുന്നത് വ്യാപകമായതായി കെ.പി രാജേഷ് കുമാർ ചൂണ്ടിക്കാട്ടി.