d
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫിസാം അഹമ്മദും ക്ലാസ് അദ്ധ്യാപിക നിർമ്മലയും ഓഫീസിലെത്തി പണക്കുടുക്ക പ്രധാനദ്ധ്യാപകൻ മൂസക്കോയയ്ക്ക് കൈമാറുന്നു.

മേപ്പയ്യൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് സി യിലെ വിദ്യാർത്ഥി ഫിസാം അഹമ്മദിന്റെ പണക്കുടുക്കയും! ഫിസാമിന് ഒരു സ്വപ്നമുണ്ടായിരുന്നു. ഒരു ഡ്രോൺ വാങ്ങുന്നതും അത് ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും അവന്റെ സ്വപ്നത്തിലെ നിറമുള്ള കാഴ്‌ചകളായിരുന്നു. എന്നാൽ വയനാട് ദുരന്തമുഖത്ത് ഒഴുകുന്ന കണ്ണീർച്ചാലുകൾക്കും മീതെ ആയിരുന്നില്ല ആ സ്വപ്നം . ഇതുവരെ ശേഖരിച്ച നാണയത്തുട്ടുകൾ മുഴുവൻ ക്ലാസ് ടീച്ചറുടെ മുന്നിലേക്ക് നീക്കിവച്ച് ദുരിതബാധിതർക്ക് നൽകണമെന്ന് അവൻ പറഞ്ഞു . ഫിസാമും അദ്ധ്യാപിക നിർമ്മലയും ഓഫീസിലെത്തി പണക്കുടുക്ക പ്രധാനദ്ധ്യാപകൻ മൂസക്കോയയ്ക്ക്
കൈമാറി. നടുവണ്ണൂരിലെ ചെങ്ങോട്ട് ഗഫൂർ-ഷമീമ ദമ്പതികളുടെ മകനാണ് ഫിസാം ജി അഹമ്മദ്.