കോഴിക്കോട് : നഗരത്തിലുള്ള തുറന്ന ഓവുചാലുകളിൽ സ്ലാബിടാൻ നടപടിയെടുക്കാതെ അപകടങ്ങൾ ആവർത്തിച്ചാൽ സഞ്ചാര സ്വാതന്ത്യം ലംഘിച്ചതായി കണ്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കോർപ്പറേഷൻ സെക്രട്ടറിക്കും പൊതുമരാമത്ത് എക്സ്‌ക്യൂട്ടീവ് എൻജിനിയർക്കുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഒരു മാസത്തിനുള്ളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് ഉത്തരവ്.
1999 മുതൽ ഇതുവരെ കോഴിക്കോട് നഗരത്തിൽ ഓടയിൽ വീണ് 9 പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ എല്ലാ ഓടകളും സ്ലാബിട്ട് മൂടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. കോഴിക്കോട് നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്ലാബിടുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രം കമ്പി കൊണ്ടോ, നെറ്റ് കൊണ്ടോ വളച്ച് കെട്ടി അപകടാവസ്ഥ കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്യാത്തതിനാൽ വർഷകാലത്ത് റോഡും തോടും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ലെന്നും ആളുകളും വാഹനങ്ങളും ഓവുചാലിൽ പതിച്ച് അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. എ.സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.