രാമനാട്ടുകര: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി വയനാട്ടിൽ മൂന്നേക്കർ സ്ഥലം നൽകുന്നതിനും സ്ഥാപനവും തൊഴിലും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഈ തീരുമാനം അംഗീകരിച്ചു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം. തൊഴിലും വരുമാനവും നഷ്ടപ്പെട്ട വ്യാപാരികളുടെയും വീടും സ്വത്തും നഷ്ടപ്പെട്ടവരുടെയും കടങ്ങൾ എഴുതിത്തളളുന്നതിന് സർക്കാർ തയ്യാറാവണമെന്നും ദുരന്തമുഖത്ത് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർക്ക് അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ്. ദേവരജൻ, സംസ്ഥാന ഭാരവാഹികളായ കെ.വി.അബ്ദുൾ ഹമീദ്, എം.കെ തോമസുകുട്ടി, പി.സി ജേക്കബ്, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, വൈ.വി ജയൻ, സി. ധനീഷ് ചന്ദ്രൻ, ജോജിൻ. ടി.ജോയി, വി.സബിൽ രാജ്, എ.ജെ. റിയാസ്, സലീം രാമനാട്ടുകര പ്രസംഗിച്ചു.