വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി ശേഖരിച്ച അവശ്യമരുന്നുകൾ കൈമാറി. വാണിമേൽ കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കവിയും യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.കെ. ഗോപിയിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സതീഷ് എന്നിവർ മരുന്നുകൾ ഏറ്റുവാങ്ങി. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകളാണ് നൽകിയത്. ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, ശ്രീജിത്ത് മുടപ്പിലായി, അനിൽ ചോറോട്, കെ.ശശിധരൻ, ജലീൽ ചാലിക്കണ്ടി, ഉത്തമൻ പയ്യോളി എന്നിവർ സംബന്ധിച്ചു. തുടർന്ന് വിലങ്ങാട് ഉരുൾ പൊട്ടലുണ്ടായ ഇടങ്ങൾ പ്രവർത്തകർ സന്ദർശിച്ചു.