കൊയിലാണ്ടി: കീഴരിയൂർ ബോംബ് കേസ് സ്മാരകം രാഷ്ട്രീയ തർക്കങ്ങളിൽപ്പെട്ടുഴലുന്നു. 2013- ൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റിഹാൾ പണിതത്. തുടർന്ന് 2017 ൽ അന്നത്തെ എം.എൽ.എ ടി.പി രാമകൃഷ്ണന്റെ ഫണ്ടിൽ നിന്നും 55 ലക്ഷം കൂടി അനുവദിച്ച് കെട്ടിടം രണ്ട് നിലയായി മാറി. എന്നാൽ പഞ്ചായത്ത് ഭരണസമിതി ഓഡിറ്റോറിയത്തിന് പകരം മ്യൂസിയം സജ്ജീകരിക്കുന്നതിനായി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചതോടെയാണ് തർക്കമുയർന്നത്.
ഗ്രാമസഭയുടെയും അന്നത്തെ പഞ്ചായത്ത് കമ്മിറ്റിയുടെയും തീരുമാനത്തിന് വിരുദ്ധമായി മ്യൂസിയമാക്കാൻ ശ്രമിക്കുന്ന തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശിവൻ മഠത്തിൽ ഓംബുഡ്സ്മാനെ സമീപിച്ചു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ഓംബുഡ്സ് മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പരാതിക്കാരന് അനുകൂലമായി വിധി പറയുകയും ചെയ്തു. കഴിഞ്ഞ ആറ് വർഷമായി പണി പൂർത്തിയായ കെട്ടിടം അടച്ചിട്ടനിലയിലാണ്. കെട്ടിടം തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ കോൺഗ്രസ് നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ ക്വിറ്റിന്ത്യാദിനത്തിൽ വലിയ സമര പരിപാടികൾ നടത്താൻ കോൺ ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.
ഇപ്പോഴുണ്ടായ തർക്കത്തിൽ ഇവരുടെ കുടുംബക്കാരും നാട്ടുകാരും എറെ നിരാശയിലാണ് . കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് കെട്ടിടം. സ്ഥിരമായി കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കുന്ന ഇടമാണിതെന്നും അവിടെയുയർന്ന കെട്ടിടത്തിന്റെ ക്രെഡിറ്റ് കോൺഗ്രസ് കൈക്കലാക്കുമോ എന്ന ആശങ്കയാണ് ഭരണസമിതിക്കെന്ന് മെമ്പർ വിനീത പറഞ്ഞു. മ്യൂസിയമാകുന്നതോടെ പൊതു പരിപാടികൾ നടത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് സ്ഥലം എം.എൽ.എയുടെ സൗകര്യക്കുറവാണ് ഉദ്ഘാടനത്തിന് തടസ്സമാകുന്നതെന്നാണ്. രക്തസാക്ഷിയുൾപ്പെട്ട സമര പോരാളികളോട് ഭരണസമിതി കാണിക്കുന്നത് കടുത്ത അപരാധമാണെന്നും ഇതിന് ജന ങ്ങൾ മറുപടി നൽകുമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശിവൻ മഠത്തിൽ പറഞ്ഞു.
ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിച്ച സ്ഫോടനം
ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിച്ച കീഴരിയൂർ ബോംബ് സ്ഫോടനത്തിൽ കീഴരിയൂർ ഗ്രാമത്തിൽ നിന്ന് ആറു പേരാണ് പങ്കെടുത്തത്. കുറുമയിൽ കേളുക്കുട്ടി, നാരായണൻ, മീത്തലെ അയനാട്ട് ഉണ്ണിക്കുട്ടി, തൈക്കണ്ടി പാച്ചർ, മുള്ളൻ കണ്ടി കുഞ്ഞി രാമൻ, കുനിയി ൽ കുഞ്ഞിരാമൻ എന്നിവരാണവർ. സേലം ജയിലിൽ രാവും പകലും തിരിച്ചറിയാൻ കഴിയാതെ ഏകാന്ത സെല്ലുകളിൽ കഴിയു മ്പോഴും അവർ സ്വാതന്ത്ര്യത്തെയായിരുന്നു സ്വപ്നം കണ്ടതെന്ന് ചരിത്രകാരന്മാർ പറയുന്നു.