1
അൻസാരി പാർക്കിൽ മാലിന്യം കൂട്ടിയിട്ട നിലയിൽ

കോഴിക്കോട്: നഗരത്തിന്റെ മുഖമായ കുട്ടികളുടെ മാനാഞ്ചിറ അൻസാരി പാർക്ക് മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്നു. കുടുംബശ്രീക്കാരും മറ്റും ശേഖരിച്ച കോർപ്പറേഷൻ പ്ലാസ്റ്റിക് മാലിന്യം ഇവിടെ കുന്നുകൂടി കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു. ഇന്നലെയാണ് ഭാഗീകമായി മാലിന്യം മാറ്റിയത്. മൂക്കുപൊത്താതെ പരിസരത്ത് കൂടെ നടന്ന് പോകാൻ സാധിക്കില്ലായിരുന്നു. നഗരത്തിലെ പരിസരത്തുനിന്നും ശുചീകരിച്ച പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കിയാണ് കോർപറേഷൻ അൻസാരിപാർക്കിൽ ശേഖരിച്ചു വെച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ ഭക്ഷണാവശിഷ്ടങ്ങളും കടന്നുകൂടുക പതിവാണ്. പാർക്കിൽ വരുന്നവർക്കും ഇതുവഴി റോഡിലൂടെ കടന്നുപോകുന്നവർക്കും ദുർഗന്ധം അനുഭവിക്കേണ്ടിവരുന്നു. കൂടുതലായി കുട്ടികളെത്തുന്ന ഈ ഭാഗത്ത് പട്ടികളുടെ ശല്യവുമുണ്ട്. കുട്ടികളുടെ വിനോദത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് പുറമെ പകർച്ചവ്യാധികൾ പടരാനും ഇത് ഇടയാക്കുന്നുണ്ട്. നാലുദിവസം മുൻപാണ് ശുചീകരണ പ്രവർത്തനത്തിന് ശേഷം നഗരത്തിലെ പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് പാർക്കിൽ ശേഖരിച്ചത്. ദിവസവും ഒരുപാട് മാലിന്യങ്ങൾ കൊണ്ടുപോകാൻ ഉള്ളതുകൊണ്ട് താത്ക്കാലികമായാണ് മാലിന്യം പാർക്കിൽ ശേഖരിച്ചതെന്നാണ് കോർപ്പറേഷൻ തൊഴിലാളികൾ പറയുന്നത്.

ചെറുവണ്ണൂരിലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് തീപിടുത്തത്തിനു ശേഷം പലയിടങ്ങളിൽ നിന്നുമുള്ള മാലിന്യം ശേഖരിച്ച് വെക്കാൻ ഇടമില്ലാത്തതിനാൽ ഹരിത കർമ്മ സേന ഇവ പലയിടങ്ങളിലായി കൂട്ടിയിടുകയാണ് പതിവ്. ഇതിന് പരിഹാരമായി കോർപറേഷൻ മാലിന്യങ്ങൾ സൂക്ഷിക്കാൻ കണ്ടെയ്നറുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സ്ഥല പരിമിതിയുള്ള സ്ഥലത്ത് ഇവ സ്ഥാപിച്ച് മാലിന്യം ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇവ കൂടുതൽ ഇടങ്ങളിൽ വരുന്നതോടെ മാലിന്യം പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നത് തടയാൻ സാധിക്കും. നിലവിൽ ശരിയായ പ്ലാസ്റ്റിക് മാലിന്യ ശേഖരണ സംവിധാനങ്ങൾ വിപുലപ്പെടുത്തിയില്ലെങ്കിൽ നഗരത്തിലെ പൊതു സ്ഥലങ്ങൾ പ്ലാസ്റ്റിക് ശേഖരണ പ്ലാന്റ് ആയി മാറുമെന്നതിൽ സംശയമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.