കോഴിക്കോട് : വയനാടിനെ താങ്ങിനിറുത്തിയ രക്ഷാകരങ്ങൾക്ക് ഹൃദയത്തിൽ നിന്നും ആദരമൊരുക്കി കോഴിക്കോട്. വയനാട് ദുരന്ത ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയിലെ സൈനികർക്കാണ് വെസ്റ്റ്ഹിൽ ബാരകസ് പരിസരത്ത് ഊഷ്മള വരവേൽപ്പ് നൽകിയത്. രക്ഷാദൗത്യം പൂർത്തിയാക്കി ഉച്ചയോടെയാണ് രണ്ട് ട്രക്കുകളിലായി 43 അംഗസംഘങ്ങൾ എത്തിയത്. തുടർന്ന് ലഫ്റ്റനന്റ് കേണൽ മയാംഗെ ദവെയുടെ നേതൃത്വത്തിലുള്ള സൈനികരെ മേയർ ഡോ. ബീന ഫിലിപ്പ് , തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ സി.രേഖ , കൗൺസിലർമാരായ സി.എസ്. സത്യഭാമ, ടി. മുരളീധരൻ, എൻ. ശിവപ്രസാദ്, പ്രസീന പണ്ടാരത്തിൽ, വരുൺ ഭാസ്കർ തുടങ്ങിയവരും നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. ബാരക്സ് പാതയിൽ അമയ വരുണിന്റെ നേതൃത്വത്തിലുള്ള ആംഗ്ലോ ഇന്ത്യൻ ഗോൾസ് സ്കൂൾ ബാൻഡ് സംഘം , പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ ,റോളർ സ്കേറ്റിംഗ് താരങ്ങളായ മെഹ് ലിൻ മെഹ് വിഷ്, മഹ്ബിൻ മെഹ്നസ് തുടങ്ങിയവർ പൂക്കൾ വിതറിയും ദേശീയ പതാക വീശിയും ദേശഭക്തിഗാനം ബാൻഡ് സെറ്റിൽ വായിച്ചും സൈനികരെ സൈനിക ക്യാമ്പിലേക്ക് ആനയിച്ചു. ദൗത്യ നിർവഹണം കഴിഞ്ഞെത്തിയ സൈനികരെ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ നവീൻ ബഞ്ചിത്ത് ബാരക്സ് ആസ്ഥാനത്തേക്ക് സ്വീകരിച്ചു. ദൗത്യം പൂർത്തിയാക്കി താമരശേരി ചുരം ഇറങ്ങിയത് മുതൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് സംഘം നഗരത്തിലെത്തിയത്.