വിലങ്ങാട്: വിലങ്ങാട് പുനരധിവാസത്തെക്കുറിച്ച് ഔദ്യോഗികമായി ചർച്ച തുടങ്ങുന്ന ഘട്ടത്തിൽ
ഉരുൾപൊട്ടിയ മേഖലയിൽ നടക്കുന്ന ശാസ്ത്രീയ പഠന റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും പുനരധിവാസം തയ്യാറാക്കുകയെന്നും ഈ കാര്യത്തിൽ ഗ്രാമപഞ്ചായത്തുകളുടെ അഭിപ്രായം കൂടെ കേട്ട് തീരുമാനിക്കുമെന്നും
വനം - പരിസ്ഥിതി മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വിലങ്ങാട് പ്രായോഗികവും ഫലപ്രദവും വേഗത്തിൽ നടത്താൻ കഴിയുന്നതുമായ കാര്യങ്ങൾക്കാണ് മുൻഗണന നൽകുക. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ ക്യാമ്പിൽ നിന്ന് ആളുകളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റും. സ്കൂളിൽ ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ക്ലാസ്സുകൾ തുടങ്ങേണ്ടതുണ്ട്. നാശനഷ്ടങ്ങൾ നേരിട്ട ആളുകളുടെ പ്രയാസം
പരിഹരിക്കുക എന്നതാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നതെന്നും എന്തൊക്കെ നഷ്ടങ്ങളുണ്ടായി എന്നതിന്റെ വിശദ കണക്കുകൾ റവന്യു വിഭാഗം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതരെ കണ്ട മന്ത്രി അവരുടെ പരാതികളും ദുരിതങ്ങളും കേട്ടു. ദുരന്തത്തിൽ മരണപ്പെട്ട കുളത്തിങ്കൽ മാത്യുവിന്റെ വീട് സന്ദർശിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, വടകര ആർ.ഡി.ഒ. പി.അൻവർ സാദത്ത്,
വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
കൃഷി നാശം സംഭവിച്ചവർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കും: മന്ത്രി പി. പ്രസാദ്
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ നിമിത്തം സംഭവിച്ച കാർഷിക നാശനഷ്ടങ്ങൾ വിലയിരുത്തി അർഹമായ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉരുൾപൊട്ടൽലുണ്ടായ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനും കൃഷി നാശംമുണ്ടായ കർഷകർക്ക് അർഹമായ ആനുകൂല്യം ലഭ്യമാക്കുന്നതിനും ക്രിയാത്മകമായി സർക്കാർ ഇടപെടും.ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിൽ കൃഷി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗത്തിലും മന്ത്രി സംബന്ധിച്ചു.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കും: വി. ഡി. സതീശൻ
വിലങ്ങാട് : ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ യു.ഡി.എഫ്. സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിലങ്ങാട് ഉരുൾ പൊട്ടലിലെ ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ച കുളത്തിങ്കൽ മാത്യുവിൻ്റെ വീട്, ഉരുൾ പൊട്ടിയ വിലങ്ങാട് മഞ്ഞച്ചീളി, അടിച്ചിപാറ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി.
ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാർ, മോഹനൻ പാറക്കടവ്, സൂപ്പി നരിക്കാട്ടേരി, പാറക്കൽ അബ്ദുള്ള, അഡ്വക്കറ്റ് ഐ.മൂസ, വി.എം. ചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.