കൽപ്പറ്റ: ഉരുൾപൊട്ടലിൽ നൂറുകണക്കിനാളുകളുടെ ജീവൻ പൊലിഞ്ഞ വയനാട്ടിൽ ഭൂമിക്കടിയിൽ വലിയ പ്രകമ്പനവും മുഴക്കവും. സമാന രീതിയിൽ കോഴിക്കോട്ടും മലപ്പുറത്തും പാലക്കാട്ടും തുടർ പ്രകമ്പനങ്ങൾ. ഉറവിടം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
വയനാട്ടിൽ വൈത്തിരി താലൂക്കിലെ മൂന്നു പഞ്ചായത്തുകളിലും ബത്തേരി താലൂക്കിലെ രണ്ടു പഞ്ചായത്തുകളിലുമാണ് പ്രകമ്പനം ഉണ്ടായത്. ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ മേഖലയിൽ നിന്ന് 25 കിലോമീറ്ററോളം മാറിയാണ് അനുഭവപ്പെട്ടത്. മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റി. അടിവാരത്തെ വിദ്യാലയങ്ങളിൽ ക്ളാസുകൾ മതിയാക്കി. എടയ്ക്കൽ ഗുഹാ സന്ദർശനം വിലക്കി.
ശബ്ദംകേട്ട ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കോടി.
ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. കുടുംബങ്ങൾക്ക് മാറി താമസിക്കാനായി അമ്പലവയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ക്യാമ്പ് സജ്ജീകരിച്ചു. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിൽ നിന്നാണ് കളക്ടറേറ്റിലേക്ക് ആദ്യം റിപ്പോർട്ട് വന്നത്. ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്ന് നെന്മേനിയിലെ നാട്ടുകാർ പറഞ്ഞു.
ചില്ല് അലമാരകളും പാത്രങ്ങളും നേരിയ തോതിൽ കുലുങ്ങിയതായി അമ്പുകുത്തി ഭാഗങ്ങളിലുള്ളവർ പറഞ്ഞു. ഇടിവെട്ടാണെന്ന് കരുതിയെങ്കിലും ഭൂമിക്കടിയിൽ നിന്നാണെന്നറിഞ്ഞതോടെ വീടുവിട്ട് പുറത്തേക്കിറങ്ങിയെന്ന് കോഴിക്കോട് കൂടരഞ്ഞിയിലുള്ളവരും ജനലുകൾക്ക് ചെറിയ കുലുക്കം വന്നെന്നും വലിയ മുഴക്കം കേട്ടെന്നും കരിപ്പൂരിന് സമീപം മാതാംകുളത്തുള്ളവരും പറഞ്ഞു. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടൊപ്പം ജനലുകൾ കുലുങ്ങിയതോടെ പരിഭ്രാന്തരായെന്ന് എടപ്പാൾ ചന്തക്കുന്ന് നിവാസികൾ വെളിപ്പെടുത്തി.
പ്രകമ്പനം:
രാവിലെ 10നും
10.30നും ഇടയ്ക്ക്
ദൈർഘ്യം:
അഞ്ച് സെക്കൻഡ് മുതൽ
ഒന്നര മിനിട്ടോളം രണ്ടു വട്ടം
പ്രകമ്പന പ്രദേശങ്ങൾ
വയനാട്:
ചരിത്രപ്രസിദ്ധമായ എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമല നിരകൾ,
അമ്പലവയൽ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാനം വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ,കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, മേൽമുറി, ചെന്നായ്‌ക്കവല,
കോഴിക്കോട്
കൂടരഞ്ഞി, മുക്കം, കാവിലുംപാറ കലങ്ങോട്
മലപ്പുറം
എടപ്പാൾ ചന്തക്കുന്ന്, കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ മാതാംകുളം
പാലക്കാട്
ഒറ്റപ്പാലം, പനമണ്ണ, ചളവറ, അലനല്ലൂർ, വല്ലപ്പുഴ എടത്തനാട്ടുകര മൂന്ന് വില്ലേജിലെ കുഞ്ഞുകുളം
ഭൂചലനമല്ല
ഭൂചലനമല്ലെന്നും ഉരുൾപൊട്ടലിന് ശേഷമുള്ള പ്രതിഭാസമാണെന്നും നാഷണൽ സീസ്‌മോളജിക് സെന്റർ അറിയിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.ജിയോളജി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശങ്ങളിൽ പരിശോധന തുടരുകയാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു.
''ഭൂകമ്പവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. കെട്ടിനിന്ന വെള്ളം ഒഴുകിപ്പോയതോടെ പാറക്കെട്ടുകൾ വലിയ മർദ്ദത്തിൽ നിന്ന് മോചനം നേടി.ഈ ഘട്ടത്തിൽ ചില ശബ്ദങ്ങളും മറ്റും ഉയർന്നുവരാറുണ്ട്. അത്തരത്തിലുള്ള പ്രതിഭാസമായി കണ്ടാൽമതി.
-ഡോ.ഡി.പത്മലാൽ,
ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രം
ഹൈഡ്രോളജി വിഭാഗം മുൻമേധാവി