വടകര: ഏറാമല സെൻട്രൽ എൽ.പി സ്കൂൾ യു.കെ.ജി വിദ്യാർത്ഥികളായ വിദ്യുത്,വൈഭവ്, വേദിക് എന്നിവരുടെ സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനികയ്ക്ക് കൈമാറി. വരയാലിൽ പ്രശാന്ത് -അനഘ ദമ്പതികളുടെ മക്കളാണ് വിദ്യുതും വൈഭവും, സഹോദരൻ പ്രജിത്ത് -വിജില ദമ്പതികളുടെ മകനാണ് വേദിക്. സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര ഏരിയ കമ്മിറ്റികളിലെ യൂണിറ്റുകളിൽ നിന്ന് പിരിച്ചെടുത്ത 1,15,750 രൂപ ജില്ല സെക്രട്ടറി സന്തോഷ് സബാസ്റ്റ്യന് വടകര ഏരിയാ പ്രസിഡന്റ് കരിപ്പള്ളി രാജൻ കൈമാറി.ചോറോട് ഈസ്റ്റ് പുലരി അയൽപക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 82,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് നല്കി. പുലരി രക്ഷാധികാരിയും ലോക കേരളസഭാ അംഗവുമായ എം.കെ. ബാബു കുടുംബാംഗങ്ങൾക്ക് വേണ്ടി വടകര തഹസിൽദാർ സുഭാഷ്ചന്ദ്രബോസിന് കൈമാറി.
കുറ്റ്യാടി: ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഏറ്റുവാങ്ങി.
ഫറോക്ക്: വയനാട് ദുരന്തബാധിതരായ നാനൂറോളം കുടുംബങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ നൽകുവാൻ തയ്യാറായി ഫർണ്ണിച്ചർ നിർമ്മാതാക്കളുടെ സംഘടനയായ ഫ്യൂമ. ഫർണ്ണിച്ചറുകൾ നൽകുന്നതിന്റെ നടപടി ക്രമങ്ങൾ അധികൃതരുമായി സംസാരിച്ച് തീരുമാനിക്കുമെന്ന് പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അറിയിച്ചു.
ബാലുശ്ശേരി: വയനാട് ദുരിതബാധിതർക്കായി ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം ബാലുശ്ശേരി, അവിടനല്ലൂർ, കോക്കല്ലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങിയ ചായക്കടയും അച്ചാർ ചലഞ്ചും സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. രാഹുൽറാം അദ്ധ്യക്ഷത വഹിച്ചു. കുട്ടാലിടയിൽ നടത്തിയ 'അതിജീവനത്തിന്റെ ചായക്കട' ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു. കോക്കല്ലൂരിൽ വി. വസീഫ് ഉദ്ഘാടനം ചെയ്തു. വി വി സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
പേരാമ്പ്ര: വയനാട് ദുരിതബാധിതർക്ക് ആശ്വാസം പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ഫയർ സർവീസ് അസോസിയേഷൻ നടത്തുന്ന ഫണ്ട് ശേഖരണം പേരാമ്പ്ര ഫയർസ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ പി.സി പ്രേമനിൽ നിന്ന് 10,000 രൂപ സംഭാവന സ്വീകരിച്ച് പേരാമ്പ്ര യൂണിറ്റ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് ഷജിൽ കുമാർ ഫണ്ട് ഏറ്റുവാങ്ങി. മേഖല സെക്രട്ടറി എസ്.പി സജിത്ത്, നിലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വയലട: സൈക്കിൾ വാങ്ങാനുള്ള പണം വയനാടിനുവേണ്ടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശലോമോൻ. വയലട, ഞാറക്കാട്ട് ജിതേഷിൻ്റെ മകൻ ശലോമോൻ ജിതേഷാണ് സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്ക്കൂൾ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് ശലോമോൻ. പനങ്ങാട് ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ് മെമ്പർ റംല ഹമീദ് സംഭാവന ഏറ്റുവാങ്ങി.