കോഴിക്കോട്: അക്ഷരങ്ങളിലൂടെയല്ല ചിത്രങ്ങളിലൂടെ ഇന്ന് നാലുകെട്ട് കഥ പറയും. മനസ്സിൽ തങ്ങി നിൽക്കുന്ന അപ്പുണ്ണിയും വലിയ നാലുകെട്ടും കുറെയധികം മനുഷ്യരെയും നിറങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ഫറോക്ക് കോളേജ് സ്വദേശി ജയരാജൻ എൻ.എം. വെസ്റ്റിൽ രജിസ്ട്രാർ ആയി വിരമിച്ച ജയരാജൻ ചിത്രങ്ങളിൽ വിസ്മയം തീർക്കുന്ന ഒരു കലാകാരൻ കൂടിയാണ്. ലളിതകലാ ആർട്ട് ഗാലറിയിൽ നിഴലും വെളിച്ചവും എന്ന ചിത്ര പ്രദർശനത്തിൽ തന്റെ നാല്പത്തിനാല് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് എം.ടിയുടെ അനുഗ്രഹത്തോടെയാണ്. 91 അക്ഷര വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ എം.ടി ക്കു നൽകുന്ന ആദരം കൂടിയാണ് ജയരാജന്റെ ചിത്രങ്ങൾ. വായനക്കാർക്ക് ഒരിക്കൽ കൂടി നാലുകെട്ടിന്റെ കഥകൾ വായിച്ചെടുക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് ചിത്രങ്ങൾ. അപ്പുണ്ണി എന്ന കഥാപാത്രത്തിൽ ഉൾകൊണ്ട ബാല്യകാലത്തെ അനുഭവങ്ങളും പരിചിതമായ മനുഷ്യരും ജയരാജന്റെ ഓരോ ചിത്രങ്ങളിലൂടെയും കഥകൾ പറയുന്നു. പ്രഭാ ഭരതന്റെ തീരം തേടുന്നവൾ എന്ന നോവലിനെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾക്ക് പ്രൊഫ. ശ്യാംകുമാർ കക്കാട് നൽകിയ പ്രോത്സാഹനമാണ് നാലുകെട്ടിലേ ചിത്രങ്ങളിലേക്കുള്ള ജയരാജന്റെ യാത്ര. അക്രിലിക് നിറങ്ങൾ ഉപയോഗിച്ച് പത്തുമാസം കൊണ്ടാണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ചിത്രപ്രദർശനം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. ശ്യാം കുമാർ കക്കാട് അദ്ധ്യക്ഷത വഹിച്ചു. പ്രദർശനം 16 വരെ തുടരും.