citycycle
കോഴിക്കോട് പ്ലാനറ്റോറിയത്തിന് സമീപത്തെ സൈക്കിൾ ഷെഡ്

കോഴിക്കോട്: കോർപറേഷൻ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സിറ്റി സൈക്കിൾ പദ്ധതി ഇനിയും ലക്ഷ്യം തൊട്ടില്ല ആദ്യഘട്ടത്തിൽ പത്തു വാർഡുകളിൽ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അഞ്ചിടത്ത് മുട്ടിനിൽക്കുകയാണ്. അഞ്ചിടത്ത് ഷെഡൊരുക്കാൻ സ്ഥലം പോലും കണ്ടെത്തിയില്ല. ചേവായൂർ, ചെലവൂർ, മാറാട്, എരഞ്ഞിപ്പാലം, നെല്ലിക്കോട് എന്നിവിടങ്ങളിലാണ് നിലവിൽ ഷെഡുകളുള്ളത്. ചെലവൂരിൽ ഗ്രൗണ്ട് പണി നടക്കുന്നതിനാൽ തത്‌കാലം ഷെഡ് അടച്ചിട്ടിരിക്കുകയാണ്. ഓരോ ഷെഡിലും 20 സൈക്കിൾ വീതമാണുള്ളത്. എന്നാൽ എല്ലായിടത്തും ഒരുദിവസം 20 സൈക്കിളും വാടകയ്ക്ക് പോകുന്നില്ല. പ്രഭാത വ്യായാമത്തിനാണ് ചിലരൊക്കെ സൈക്കിളെടുക്കുന്നത്. പ്രധാനമായും സ്ത്രീകൾക്ക് മുൻതൂക്കം നൽകിയാണ് പദ്ധതി തുടങ്ങിയത്. കുടുംബശ്രീയ്ക്കാണ് നടത്തിപ്പ് ചുമതല. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് സവാരിയ്ക്ക് അനുവദിച്ച സമയം. ആദ്യ ഒരു മണിക്കൂറിന് 20 രൂപയും രണ്ട് മണിക്കൂറിന് 30 രൂപയും മൂന്ന് മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 15 രൂപ അധിക നിരക്കും നൽകണം. ദിവസം മുഴുവൻ ആവശ്യമാണെങ്കിൽ വാടകയിളവ് നൽകും. 2022 ആഗസ്റ്റിൽ കോർപറേഷൻ പ്രഖ്യാപിച്ച പദ്ധതിയാണ് 2024 ആഗസ്റ്റ് ആയിട്ടും പാതിവഴിയിൽ നിൽക്കുന്നത്. ആദ്യഘട്ടം വിജയിക്കുകയാണെങ്കില്‍ രണ്ടാംഘട്ടത്തില്‍ 65 സൈക്കിള്‍ ഷെഡുകള്‍ പണിയാനായിരുന്നു തീരുമാനം.

ആപ്പ് സംവിധാനം പണിപ്പുരയിൽ

സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പ് ഉപയോഗിച്ച് സൈക്കിൾ പദ്ധതി വിപുലീകരിക്കാൻ ആലോചനയുണ്ട്. നേരത്തേതന്നെ പണമടച്ച് സൈക്കിൾ ആവശ്യംപോലെ ഉപയോഗിക്കാൻ പറ്റുന്ന രീതിയാണ്. നിലവിൽ കൊച്ചിയിൽ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

മൊബൈൽ ആപ്പ്, ജി.പി.എസ് എന്നിവ ഉപയോഗിച്ചാണ് 'സിറ്റി സൈക്കിൾ ' പദ്ധതി സംസ്ഥാനത്തെ മറ്റ് നഗരങ്ങളിൽ നടപ്പാക്കിയിരിക്കുന്നത്. കൊച്ചിയിലെ ആപ്പ് മോഡൽ സ്വീകരിക്കും. അതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നു.

പി. ദിവാകരൻ,​ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കോർപ്പറേഷൻ.