s

കോഴിക്കോട്: വിവാഹ ക്ഷണക്കത്ത് ശേഖരണ വിഭാഗത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടി കോഴിക്കോട് നടക്കാവ് സ്വദേശി എം.കെ.ലത്തീഫ്. നടക്കാവ് ടേസ്റ്റി ബേക്കറി ബിസിനസ് ഉടമയാണ് ഇദ്ദേഹം. 1944 മുതൽ 2024 വരെയുള്ള 2,320 വിവാഹ ക്ഷണക്കത്തുകളുടെ ശേഖരമാണ് റെക്കോർഡിന് അർഹനാക്കിയത്. മാർച്ച് 17ന് നടക്കാവ് ട്രെയിനിംഗ് സെന്ററിലാണ് പ്രദർശനം നടത്തിയത്.


എട്ടുവർഷത്തെ പ്രയത്നത്തിലൂടെയാണ് കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ ക്ഷണക്കത്തുകൾ ശേഖരിച്ചത്. കൊവിഡ് കാലത്ത് പ്രോട്ടോകോൾ പാലിക്കുക എന്ന് ഉൾപ്പെടുത്തിയ പ്ലാസ്റ്റിക് നിർമ്മിത കത്തുകളും അമേരിക്കൻ ദമ്പതികളുടെ ക്ഷണക്കത്തുകളും കൈവശമുണ്ട്. 20 വർഷമായി പുരാവസ്തു നാണയ കറൻസി, കോയിൻസ്, സ്റ്റാമ്പ് എന്നിവയുടെ ശേഖരവും ലത്തീഫിനുണ്ട്.

റോട്ടറി ക്ലബ് സൗത്ത് പ്രസിഡന്റ് പി.സി.കെ.രാജനും ഗിന്നസ് ബുക്ക് ജഡ്ജിംഗ് പാനൽ പ്രതിനിധി സലീം പടവണ്ണയും ചേർന്ന് വാർത്താസമ്മേളനത്തിൽ ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി. വിപിൻരാജ് (റോട്ടറി സൗത്ത് ട്രഷറർ), നയനഷ എന്നിവർ പങ്കെടുത്തു.