ramaesh

മേപ്പാടി: വീട് തകർന്നു... ആകെയുണ്ടായിരുന്ന 38 സെന്റ് സ്ഥലം ഒലിച്ചുപോയി. ഇനി ഒന്നുമുതൽ തുടങ്ങണം.... വീടും നാടും വിട്ടുപോകുന്നതിന്റെ ഹൃദയവേദന പങ്കുവയ്ക്കുകയായിരുന്നു സ്കൂൾ റോഡ് കണ്ണാടിപൊയിൽ വീട്ടിലെ രമേഷ്. തകർന്ന വീട്ടിൽ നിന്ന് അവശേഷിക്കുന്ന സാധനങ്ങൾ കൊണ്ടുപോകാനായി ചൂരൽമലയിലെത്തിയതായിരുന്നു ടൂറിസ്റ്റ് ഗൈഡും ഓൾകേരള ടൂറിസം അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവുമായ രമേഷ്.

ഇന്നലവരെ കണ്ട സുഹൃത്തുക്കളും ബന്ധുക്കളും അയൽവാസികളുമെല്ലാം നഷ്ടപ്പെട്ടു. ഇനി മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുമ്പോൾ എങ്ങനെയാകുമെന്നറിയില്ല. അറുതിയില്ലാത്ത ആശങ്കകൾക്കും സങ്കടങ്ങൾക്കും നടുവിലാണ് രമേഷിനെ പോലെ നിരവധിപേരിവിടെ. ഉടുത്ത വസ്ത്രത്തിൽ നാടിറങ്ങേണ്ടിവരുന്നവരാണ് ഇവരിൽ അധികവും. ക്യാമ്പിൽ നിന്ന് ഒരു വാടക വീട്ടിലേക്ക് മാറിയാലും, എത്രക്കാലം സർക്കാർ വാടകകൊടുക്കുമെന്നറിയില്ല. ഇതിന് മുമ്പുണ്ടായ ദുരന്തങ്ങളിൽപ്പെട്ട ആളുകളെ പുനരധിവാസിപ്പിച്ചതുപോലെയാവരുത്, ഞങ്ങളുടെ കാര്യമെന്നും രമേഷ് പറയുന്നു. അമ്മ പത്മാവധി ജ്യേഷ്ഠൻ പ്രശാന്തും അടങ്ങുന്ന കുടുംബമാണ് രമേഷിന്റേത്. ദുരന്തത്തിനുശേഷം അമ്മയും ഏട്ടനും ക്യാമ്പിലും രമേഷ് താമരശേരിയിലെ ചേച്ചിയുടെ വീട്ടിലുമാണ് താമസിക്കുന്നത്. ദുരന്തത്തിൽ നിന്ന് അത്ഭൂതകരമായാണ് ഇവരും തൊട്ടടുത്ത ഒരു കുടുംബവും രക്ഷപ്പെട്ടത്. ആദ്യത്തെ ഉരുൾപൊട്ടലിൽ തന്നെ തൊട്ടടുത്ത വീടിന്റെ ടറസിൽ കേറി നിൽക്കുകയായിരുന്നു. പിന്നീടുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിൽ മണ്ണും ചെളിയും പാറക്കല്ലുകളും ഇവർ അഭയം പ്രാപിച്ച വീടിന്റെ ഉള്ളിൽ അടിയുകയും. വീടിന്റെ തറ ഇരുന്നുപോകുകയും ചെയ്തതുകൊണ്ടുമാത്രമാണ് ഇവർ രക്ഷപ്പെട്ടത്. മുന്നാമത്തെ ഉരുൾപൊട്ടലിൽ 20 മിനിറ്റോളം വീട് കുലുങ്ങിയെങ്കിലും തകർന്നു വീണില്ല. തൊട്ടടുത്തുണ്ടായിരുന്നു വീടുകളെല്ലാം തകർന്നു. മരണത്തെ മുഖാംമുഖം കണ്ടനിമിഷങ്ങളായിരുന്നു അത്. പിറ്റേന്ന് റെസ്ക്യൂ ടീം വന്ന് രക്ഷിക്കുന്നതുവരെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് രമേഷ് പറയുന്നു.