കോഴിക്കോട്: ഓണ വിപണി ലക്ഷ്യമിട്ടിറക്കിയ വിളയെല്ലാം മഴയിൽ കുതിർന്നതോടെ കർഷകർക്ക് കണ്ണിരോണം. ഇടവവും മിഥുനവും കർക്കടകവും തിമർത്തു പെയ്തതോടെ ജില്ലയിൽ വ്യാപക കൃഷിനാശമാണുണ്ടായത്. ഏക്കർ കണക്കിന് പച്ചക്കറിയും ഏത്തവാഴയുമെല്ലാം നിലം പൊത്തി. ഇതോടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയ കർഷകർ കടക്കെണിയിലായി. ഓണവിപണിയിൽ പ്രതീക്ഷ അർപ്പിച്ച് മാസങ്ങളായി പരിപാലിച്ച നൂറുകണക്കിന് വാഴകളാണ് കാറ്റിലും മഴയിലും മൂക്കുകുത്തിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴകൃഷി നടത്തുന്ന മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് സ്ഥലത്തെ കുലച്ച വാഴകളാണ് നശിച്ചത്. ജില്ലയിലെ ഓണച്ചന്തകളിലേക്കും ഹോർട്ടികോർപ് ഷോപ്പുകളിലേക്കും ഏറ്റവും കൂടുതൽ വാഴക്കുലകളും പച്ചക്കറികളും കയറ്റി അയക്കുന്നുത് ഇവിടെ നിന്നാണ്. ഏകദേശം ഏഴ് കോടിയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്. 1500 ഓളം കർഷകർക്ക് നഷ്ടമുണ്ടായി.
കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകർ ഒടിഞ്ഞുവീണ മൂപ്പെത്താത്ത കുലകൾ തുച്ഛമായ വിലയ്ക്ക് വിറ്റൊഴിവാക്കുകയാണ്.
ഓണക്കാലത്ത് ശർക്കര, വറുത്തുപ്പേരി എന്നിവയ്ക്ക് വൻതോതിലാണ് നേന്ത്രക്കുലകൾ ആവശ്യമായി വരുന്നത്. ഇത് മുന്നിൽ കണ്ടാണ് പലരും കൃഷി ഇറക്കിയത്. പച്ചക്കറിയും വൻ തോതിലാണ് നശിച്ചത്. കാറ്റിൽ പന്തൽ വീണാണ് നാശമേറെയും. പയർ, വെണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം, പടവലം, പാവൽ എന്നിവയാണ് പ്രധാനമായും നശിച്ചത്. പച്ചക്കറികൾ പന്തലിലേക്കു കയറാൻ പാകമായപ്പോഴാണ് കൃഷിയിടത്തിൽ വെള്ളം കയറിയത്. കൃഷിത്തടത്തിൽ ദിവസങ്ങളോളം വെള്ളം നിന്നതിനാൽ പച്ചക്കറി വള്ളികൾ എല്ലാം ചീഞ്ഞു. അവശേഷിക്കുന്നവ കീടബാധയേറ്റ് ബാധിച്ചു.
വിലങ്ങാട് 11 കോടിയുടെ നാശം
ഉരുളെടുത്ത വിലങ്ങാട് 11,85,47,350 രൂപയുടെ കൃഷിനാശമാണുണ്ടായത്. 601 കർഷകരുടെ വാഴ, തെങ്ങ്, ഗ്രാമ്പു, റബർ, കുരുമുളക്, കമുക്, കാപ്പി, കശുമാവ്, മഞ്ഞൾ, ഇഞ്ചി, കപ്പ തുടങ്ങിയ നശിച്ചു. ആറ് ഹെക്ടർ സ്ഥലത്തെ 6, 600000 രൂപയുടെ കുലച്ചതും കുലയ്ക്കാത്തതുമായ വാഴ കൃഷി നശിച്ചു.6.14 ഹെക്ടർ സ്ഥലത്തെ 3225000 രൂപയുടെ തെങ്ങും 45 കർഷകരുടെ 1055600 രൂപയുടെ ഗ്രാമ്പൂവും നശിച്ചു.
നരിപ്പറ്റ, പുതുപ്പാടി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വലിയ രീതിയിലുള്ള നാശനഷ്ടമുണ്ടായി. നരിപ്പറ്റയിൽ 2,250000 രൂപയുടെയും പുതുപ്പാടിയിൽ 116500 രൂപയുടെ കൃഷിനാശമുണ്ടായി.വിലങ്ങാട്, നരിപ്പറ്റ, പുതുപ്പാടി പ്രദേശങ്ങളിലായി 164.038 ഹെക്ടർ കൃഷിയിടങ്ങളിൽ 120913850 രൂപയുടെ കൃഷിനാശമുണ്ടായി.