vilangad
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് വിദഗ്ദ്ധ സംഘമെത്തിയപ്പോൾ

കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാടും സമീപപ്രദേശങ്ങളിലും
ശാസ്ത്രീയ പഠനം നടത്താൻ വിദഗ്ദ്ധ സംഘമെത്തി. വീടുകളടക്കം തകർത്തെറിഞ്ഞ പ്രദേശങ്ങളിൽ തുടർതാമസം സാധ്യമാകുമോയെന്ന് പരിശോധിച്ച് വിശദ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനായി ചുമതലപ്പെടുത്തിയ സംഘമാണ് ഇന്നലെമുതൽ പ്രദേശത്ത് പരിശോധന തുടങ്ങിയത്. കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസി. എൻജിനിയർ, വാണിമേൽ ഗ്രാമപഞ്ചായത്ത് അസി.എൻജിനിയർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ഈ മാസം 20നകം സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ഒരാഴ്ചയെങ്കിലും ദുരന്തബാധിത മേഖലകൾ സംഘം സന്ദർശിക്കും.

നേരത്തെ ആഗസ്റ്റ് ആറിന് ഹസാർഡ് അനലിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ്, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സംയുക്തമായി പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. നഷ്ടപരിഹാരങ്ങൾ നിർണയിക്കുന്നതിനൊപ്പം പ്രദേശത്ത് ഇനിയും വീടുകൾ നിർമിച്ച് ജീവിക്കാനാവുമോ, ഉരുൾപൊട്ടൽ സാദ്ധ്യത എങ്ങനെയാണ് തുടങ്ങിയവയാണ് സംഘം പരിശോധിക്കുന്നത്.