
മേപ്പാടി: 24 വർഷമായി മേപ്പാടി - മുണ്ടക്കൈ റൂട്ടിന്റെ ജീവനാഡിയായിരുന്ന കുഞ്ഞാഞ്ഞ ബസ് മുണ്ടക്കൈ വിടാനൊരുങ്ങുന്നു. വടുവൻചാൽ സ്വദേശി അബ്ദുൽ കരീമിന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞാഞ്ഞ 2000ലാണ് ഓടിത്തുടങ്ങിയത്. രാവിലെ 7.30ന് മുണ്ടക്കൈയിൽ നിന്ന് സർവീസ് ആരംഭിക്കും. രാത്രി മുണ്ടക്കൈയിൽ തന്നെ സർവീസ് അവസാനിപ്പിക്കും.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച നീതു ഉൾപ്പെടെയുള്ളവരുടെ സ്ഥിരം ബസാണ് കുഞ്ഞാഞ്ഞ. ഓരോ സീറ്റും ഓരോരുത്തർക്കായി സംവരണം ചെയ്യപ്പെട്ടതുപോലെയാണ്. ഇന്ന് ഈ സീറ്റുകളെല്ലാം ഒഴിഞ്ഞ് കിടക്കുകയാണ്. ഉള്ള സീറ്റിലാണെങ്കിൽ അപരിചിത മുഖവും. ഇത്രയും കാലം കണ്ടിരുന്നവർ പെട്ടെന്ന് ഇല്ലാതായതോടെ സർവീസ് നടത്താൻ മനസ് അനുവദിക്കുന്നില്ലെന്ന് അബ്ദുൾ കരീം പറയുന്നു. മറ്റേതെങ്കിലും റൂട്ടിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭ്യർത്ഥന.
ഉരുൾപൊട്ടലിന്റെ തലേന്ന് ബസിന് ചെറിയകേടുപാടുണ്ടായി. രാത്രി സർവീസിന് ശേഷം വർക്ക്‌ഷോപ്പിൽ കാണിക്കാനായി മുട്ടിലിലേക്ക് ബസ് കൊണ്ടുപോയി. അല്ലെങ്കിൽ ഒരു പക്ഷേ കുഞ്ഞാഞ്ഞയേയും ഉരുൾ കൊണ്ടുപോകുമായിരുന്നു.
ദുരന്തമുണ്ടയതിന് ഒമ്പതാം നാളാണ് മുണ്ടക്കൈ ബോർഡ് വച്ച് നീലികാപ്പ് വരെ സർവീസ് നടത്തിയത്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തനത്തിനും മറ്റുമായി എത്തിയ അപരിചിതരായ ചുരുക്കം ചിലർ മാത്രമാണ് കുഞ്ഞാഞ്ഞയിൽ കയറിയത്.
വിങ്ങലായി പുത്തുമല ദുരന്തവും
പുത്തുമല ഉരുൾപൊട്ടൽ സമയത്തും കൊറോണകാലത്തും മാത്രമാണ് സർവീസ് നിറുത്തിവച്ചത്. വായ്പയെടുത്താണ് ബസ് വാങ്ങിയത്. 2009ൽ അടവ് തീരേണ്ടതായിരുന്നു. ഗ്രാമീണമേഖലയിലേക്കുള്ള സർവീസായതിനാൽ വരുമാനനഷ്ടമായിരുന്നു. ഇപ്പോൾ ഉരുൾപൊട്ടലോടെ യാത്രക്കാരും ഇല്ലാതായി. നാല് ദിവസം സർവീസ് നടത്തിയെങ്കിലും എണ്ണപൈസപോലും കിട്ടിയില്ലെന്ന് അബ്ദുൾ കരീം പറഞ്ഞു. പരിചിത മുഖങ്ങൾ ഇന്നില്ലെന്ന് ഓർക്കുമ്പോൾ മനസ് പിടിയുകയാണെന്നും അദ്ദേഹം പറയുന്നു.