മഴകനക്കുമെന്നും ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നുമാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മഴമുന്നറിയിപ്പുകൾ. എങ്കിലും ജനങ്ങളുടെ മനസിലെ ഭീതി വിട്ടകലുന്നില്ല. മാസങ്ങൾക്ക് മുമ്പുണ്ടായിരുന്ന കൊടുംചൂടിന് പിന്നാലെ ആശ്വാസമായി മഴ എത്തിയെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ ദുരിതപ്പെയ്ത്തിൽ മലയോര മേഖലയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയ വയനാട് ഉരുൾപൊട്ടൽ ഉണ്ടാക്കിയ നടുക്കത്തിൽ നിന്നു ഇനിയും സംസ്ഥാനം മുക്തമായിട്ടില്ല. കണ്ണീർ ദുരന്തത്തിന്റെ കാരണങ്ങൾ തേടി കേരളം അലയുമ്പോൾ കനത്തമഴയാണ് നാടിന്റെ ഉള്ളുപൊട്ടിച്ചതെന്നാണ് വിദഗ്ദ്ധ സർവേകൾ പറയുന്നത്. ദുരന്തത്തിൽ മരണസംഖ്യ ഔദ്യോഗിക കണക്കിനപ്പുറത്ത് 500 കടന്നിട്ടുണ്ട്. ചാലിയാറിലും ഇരുവഞ്ഞിയിലും കണ്ടുകിട്ടുന്ന കൈകാലുകളുടെ എണ്ണം വച്ച് ദുരന്തത്തിന്റെ ആഴം നമ്മേ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വോട്ടർപ്പട്ടികയിലുള്ളവർ, അതിഥിത്തൊഴിലാളികൾ, വന്നുപൊയ്കൊണ്ടിരിക്കുന്നവർ.. ഇങ്ങനെ പാടികളിലും റിസോർട്ടുകളിലുമായി കണക്കിൽ പെടാത്തവരുടെ കണക്കുകൾ ഏറെയുണ്ട്. രക്ഷാപ്രവർത്തനത്തിനപ്പുറത്ത് ദുരന്തത്തിന്റെ കാരണം അന്വേഷിച്ച് പഠനം നടത്തുന്നവരും ഒരുപാടുണ്ട്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തും ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡഡ് ലൈഫ് ബയോളജിയും ചേർന്ന് ചേർന്ന് ദുരന്ത മേഖലയിൽ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ടും ഗൗരവമുള്ളതാണ്. കസ്തൂരിരംഗനേയും ഗാഡ്ഗിലിനേയും കൈവിട്ട് വികസനം പറഞ്ഞ കഴിഞ്ഞ കാലങ്ങളോട് വിട നൽകി ഇനി വരുന്ന റിപ്പോർട്ടുകളേയെങ്കിലും നാം ഗൗരവത്തിൽ കാണേണ്ടതുണ്ട്.
ഇനി വേണ്ടത് ജാഗ്രത
കേരള ശാസ്ത്ര സാഹിത്യപരിഷത്തും ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡഡ് ലൈഫ് ബയോളജിയും ചേർന്ന് പുറത്തിറക്കിയ 'വയനാടിന് ഇനി വേണ്ടത് ജാഗ്രത' എന്ന പഠന റിപ്പോർട്ടനുസരിച്ച് ദുരന്തത്തിന്റെ മൂലകാരണം മഴയായാണ്. "തുടർച്ചയായി പെയ്യുന്ന ശക്തി കുറഞ്ഞ മഴയാണ് വയനാട്ടിലുണ്ടായിരുന്നത്. എന്നാൽ വയനാടൻ മഴയിൽ വലിയ തോതിലുള്ള മാറ്റമാണുണ്ടായത്. ജൂൺ ഒന്നിന് ആരംഭിച്ചിരുന്ന കാലവർഷം പതുക്കെ ജൂൺ 10, 15 എന്നിങ്ങനെയായി മാറിത്തുടങ്ങി. തുടർച്ചയായി വാർഷിക വർഷപാതത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടായി. മഴയുടെ സ്വഭാവം നിറുത്താതെ പെയ്യുന്ന നൂൽമഴയിൽ നിന്നും കുറഞ്ഞ സമയംകൊണ്ട് കുറഞ്ഞ സ്ഥലത്തു ശക്തമായി പെയ്തിറങ്ങുന്ന തരത്തിലേക്ക് മാറിവന്നു. ഇത് ചരിഞ്ഞ മലമ്പ്രദേശങ്ങൾ നിറഞ്ഞ വയനാടിനെ സംബന്ധിച്ച് ഇത് ആപത്കരമായ ഒന്നാണ്. സാധാരണയിൽ കൂടുതൽ മഴ ലഭിച്ച 2012- ൽ ചെമ്പ്ര മലനിരകളിൽ പന്ത്രണ്ടിടത്താണ് ഉരുൾപൊട്ടിയത്. 1992 - ൽ കാപ്പിക്കളത്തിലും, 1984 - ൽ മുണ്ടക്കൈയിലും വലിയ തോതിൽ ഉരുൾ പൊട്ടുകയുണ്ടായി. 2018 - ലും 19-ലും വലിയ ദുരന്തങ്ങളാണ് വയനാട്ടിലുണ്ടായത്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി തെക്കേ ഇന്ത്യയിൽ മൺസൂൺ കാലത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ ഫലമായി ഉണ്ടായ അതിതീവ്ര മഴയുടെ പരിണിത ഫലമാണ് കഴിഞ്ഞ രണ്ടു വർഷമായി ഉണ്ടായ പ്രകൃതിദുരന്തങ്ങൾ. എങ്കിലും അതിന്റെ സൂക്ഷാമനുഭവത്തെ വയനാടിന്റെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ഉണ്ടായിവന്ന മാറ്റങ്ങളുടെ തുടർച്ചയായി കാണാം’’- റിപ്പോർട്ട് പറയുന്നു.
മഴയിലെ മാറ്റം
2018 - ലും 2019 - ലും മൺസൂൺ കാലത്ത് അതിവർഷവും തുടർന്ന് പ്രളയവും ഉരുൾപൊട്ടലുമെല്ലാം വയനാട് നേരിട്ടിട്ടുണ്ട്. 2018 - ൽ കുറിച്യർമല പ്രദേശത്ത് ആഗസ്റ്റിൽ മാത്രം 1466 മി.മീ മഴ ലഭിച്ചു. എന്നാൽ ഈ പ്രദേശത്ത് കഴിഞ്ഞ പത്ത് വർഷത്തിലെ, ആഗസ്റ്റ് മാസത്തെ ശരാശരി മഴ 433 മി.മീ മാത്രമാണ്. 2019- ൽ ഉരുൾപൊട്ടിയ പുത്തുമല പ്രദേശത്ത് 32 മണിക്കൂറിൽ ഏകദേശം 800 - 900 മി.മീറ്ററിനിടയിൽ മഴ ലഭിച്ചിട്ടുണ്ട്. 2018- ൽ ഏഴു ദിവസത്തിൽ വൈത്തിരിയിൽ മാത്രം 852 മി.മീ മഴയാണ് ലഭിച്ചത്. സ്വാഭാവികമായി തന്നെ കൂടിയ മഴ ലഭിക്കാറുള്ള വയനാടൻ മലത്തലപ്പുകളിൽ വാർഷിക വർഷപാതത്തിന്റെ ഇരട്ടിയാണ് 2018ലും 2019ലും ലഭിച്ചത്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ 372.6 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇതിനൊപ്പം സമീപപ്രദേശത്തും മഴകനത്തു.
ഭൂമിതരം മാറ്റത്തിലുണ്ടായ മാറ്റം
2023 ൽ ഐ.എസ്.ആർ.ഒ പ്രസിദ്ധീകരിച്ച 'ലാൻഡ്സ്ലൈഡ് അറ്റ്ലസ് ഓഫ് ഇന്ത്യ' എന്ന പഠന റിപ്പോർട്ടിൽ വയനാടിനെ മണ്ണിടിച്ചിൽ സാദ്ധ്യത പ്രദേശമായി അടയാളപ്പെടുത്തിയിട്ടുണ്ട്. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ കാർട്ടോസാറ്റ് -3 ഉപഗ്രഹവും റിസാറ്റ് ഉപഗ്രഹവുമാണ് ലാൻഡ്സ്ലൈഡ് അറ്റ്ലസിനായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിൽ, പുത്തുമലയിൽ കഴിഞ്ഞ 20 വർഷത്തിനിയിലുണ്ടായ 80,000 മണ്ണിടിച്ചിലുകൾ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ദുരന്തബാധിത പ്രദേശത്തെ ഭൂവിനിയോഗമാണ് പഠനത്തിൽ പറയുന്ന മറ്റൊരു കാര്യം. 2018ലേയും 2019ലേയും പ്രകൃതിദുരന്തങ്ങളുടെ പ്രധാന കാരണം ഭൂമിയുടെ തരംമാറ്റലാണ്. അശാസ്ത്രീയ റോഡ് നിർമാണവും സ്വാഭാവിക നീർച്ചാലുകൾ നികത്തി ഭൂമി തരംമാറ്റി വീടുകൾ നിർമിച്ചതും മഴ അതിശക്തമായി പെയ്തിറങ്ങിയപ്പോൾ മണ്ണിച്ചിലിന് കാരണമായിട്ടുണ്ടെന്ന് 2020ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2018 - ലെ കണക്കുകളനുസരിച്ച്, അന്ന് ഏറ്റവും കൂടുതൽ ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലും ഉണ്ടായ വൈത്തിരയിൽ 41 ശതമാനവും ഉണ്ടായത് വീടുകൾക്ക് സമീപമാണ്. ഇതുകൂടാതെ വാണിജ്യാവശ്യങ്ങൾക്ക് നിർമിച്ച കെട്ടിടങ്ങൾക്കു സമീപമാണ് 17 ശതമാനം ദുരന്തങ്ങളും സംഭവിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ 29 ശതമാനം മണ്ണിടിച്ചിലും ഉണ്ടായത് റോഡുകൾക്കായി കുന്നിടിച്ചുമാറ്റിയ പ്രദേശങ്ങളിലാണ്. ഇത് സൂചിപ്പിക്കുന്നത് വയനാടൻ ഭൂപ്രദേശത്തിന്റെ സ്വാഭാവികമായ ചെരിവുകളിലും അവിടുത്തെ സസ്യാവരണങ്ങളിലും നീർച്ചാലുകളിലും വൻതോതിലുണ്ടായ മാറ്റമാണ് മണ്ണിടിച്ചിൽ വ്യാപകമാക്കിയതെന്ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജിയും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു.
വേണ്ടത് ശക്തമായ ഇടപെടൽ
ഇത്തരം പ്രദേശങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ ഭൂവിനിയോഗവും അപകടങ്ങളുടെ ആക്കം കൂട്ടുകയും ഭൂമി നിരങ്ങി നീങ്ങൽ (ലാൻഡ് സ്ലൈഡിംഗ്) പോലുള്ള പ്രതിഭാസത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. വിദഗ്ദരുടെ റിപ്പോർട്ട് പ്രകാരം വയനാട്ടിൽ ഇനി പല മാനദണ്ഡങ്ങളും അവലംബിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് ഓരോ പ്രാദേശിക സമൂഹങ്ങളും അവിടുത്തെ പരിസ്ഥിതിക വ്യൂഹങ്ങളെയും സാമൂഹിക സാമ്പത്തീക വ്യവസ്ഥകളെയും ഏതു ആഘാതങ്ങളെയും താങ്ങാൻ ശേഷിയുള്ളവയായി നിലനിറുത്തുകയാണ് വേണ്ടത്. പരസ്പര ബന്ധിതമായ സാമൂഹിക പാരിസ്ഥിതിക വ്യവസ്ഥകളിൽ പരിവർത്തനം വരുത്തുന്നതിനുള്ള കാഴ്ച്ചപ്പാടും ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണവും ആവശ്യമുള്ള ഒരു പ്രക്രിയയായിത്തന്നെ ഇത് ഏറ്റെടുക്കാൻ നമുക്കാവണം. ഇനിയൊരു ദുരന്തത്തിന് ഇടവരാതിരിക്കാൻ ഒറ്റക്കെട്ടായി ശ്രമിക്കാം.