കോഴിക്കോട്: ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും കുറയാതെ നിൽക്കുന്ന മീൻ വിലയ്ക്ക് ആശ്വാസമായി കോഴിവില. രണ്ടാഴ്ച മുമ്പ് 260 ആയിരുന്നത് കുത്തനെ കുറഞ്ഞ് 140ൽ എത്തി. വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കോഴിക്ക് 100 രൂപയും കോഴിയിറച്ചിക്ക് 140രൂപയുമാണ് റീട്ടെയിൽ വില.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി വരവ് ഉയർന്നതും പ്രാദേശിക ഉത്പാദനം കൂടിയതുമാണ് വില കുറയാൻ കാരണമായത്. നിരക്കിൽ മാറ്റം ഉണ്ടാകുംവരെ വളർച്ചയെത്തിയ കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റ ഇനത്തിൽ കർഷകർക്ക് നഷ്ടമുണ്ടാക്കുന്നതിനാൽ എത്രയും വേഗം വിപണിയിലെത്തിക്കുകയാണ് കർഷകർ. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 90 മുതൽ 100 രൂപ വരെ കർഷകന് ചെലവു വരും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കച്ചവടക്കാർ പറയുന്നത്. കേരളത്തിൽ ചെറുതും വലുതുമായ കൂടുതൽ ഫാമുകൾ പ്രവർത്തനം തുടങ്ങിയതും വില കുറയാൻ കാരണമായി.
മത്തിയ്ക്ക് ഇപ്പോഴും
പൊന്നുംവില
ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും മത്തിയ്ക്ക് വില കുറഞ്ഞില്ല. നിരോധനസമയത്ത് 360 - 400 ആയിരുന്ന മത്തി 280- 300 ൽ നിൽക്കുകയാണ്. മത്തിയൊഴികെ മറ്റു മീനുകൾക്കെല്ലാം താരതമ്യേന വില കുറഞ്ഞിട്ടുണ്ട്.
ഇപ്പോഴത്തെ വില ട്രോളിംഗ് നിരോധന സമയത്ത്
ചെമ്മീൻ - 200 - 300
കിളിമീൻ - 160 - 240
അയല - 200 - 240 - 300
ആവോലി - 300 - 600
ഞണ്ട് - 300 - 400
ചൂട - 100 - 280
പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്. മഴക്കാലത്ത് ഇത് സ്ഥിരം ഉണ്ടാവാറുണ്ടെങ്കിലും സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
എം താജുദ്ദീൻ
പ്രസിഡന്റ്, ഓൾ കേരള പൗൾട്രി ഫെഡറേഷൻ (എ.കെ.പി.എഫ്)