കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിച്ചുതുടങ്ങി. മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ സെപ്തംബർ ആറിന് ജില്ലാതല അദാലത്തും ഏഴിന് കോഴിക്കോട് കോർപ്പറേഷൻതല അദാലത്തും നടക്കും. കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ (കണ്ടംകുളം ജൂബിലി ഹാൾ) നടക്കുന്ന ഇരു അദാലത്തുകളിലും ജനങ്ങൾക്ക് adalat.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പരാതി നൽകാം. അഞ്ചുദിവസം മുമ്പ് വരെ പരാതികൾ സമർപ്പിക്കാം. കെട്ടിട അനുമതി, ക്ലംപ്ലീഷൻ സർട്ടിഫിക്കറ്റ്, ക്രമവത്കരണം, വ്യാപാര, വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും.