കോഴിക്കോട്: പുതിയങ്ങാടി- ഉള്ള്യേരി- കുറ്റ്യാടി റോഡിൽ ജല അതോറിട്ടിയുടെ പ്രവൃത്തികൾ പൂർത്തിയായാലും ഇല്ലെങ്കിലും വെള്ളിയാഴ്ച മുതൽ ഉപരിതല നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോഡ് (കെ.ആർ.എഫ്.ബി) അറിയിച്ചു. 2024 ജനുവരി മുതൽ ഈ റോഡ് വാട്ടർ അതോറിട്ടിയുടെ ജലജീവൻ മിഷൻ പദ്ധതിക്കായി കൈമാറിയിരിക്കുകയാണ്. ശരിയായ രീതിയിൽ പുനരുദ്ധാരണം നടത്തി 2024 ഏപ്രിൽ 30ന് മുമ്പ് തിരിച്ചു ഏൽപ്പിക്കണമെന്ന് വാട്ടർ അതോറിട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാലാവധിക്കുള്ളിൽ കരാർ പൂർത്തിയാക്കാൻ സാധിച്ചില്ല.

നിലവിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിലെ റോഡിലെ കുഴികൾ അടയ്ക്കണമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ജൂൺ 29ന് മുമ്പ് റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ കത്ത് മുഖാന്തരം അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായപ്പോൾ,​ അപകടം മുൻകൂട്ടി കണ്ട് റോഡിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടത്താൻ വാട്ടർ അതോറിട്ടിയോട് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ യോഗം നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് താത്കാലിക കുഴിഅടയ്ക്കൽ നടക്കുന്നുണ്ട്. കരാർ പ്രകാരം 2023 ആഗസ്റ്റ് 10ന് പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു. ആ സമയത്താണ് ജൽജീവൻ മിഷന് അനുമതി നൽകിയത്.