കുറ്റ്യാടി:സ്വാതന്ത്ര്യ പുലരി നാളിൽ കുറ്റ്യാടി ഗ്രാമവും ഓർത്തെടുക്കുകയാണ് വെള്ളക്കാരെ തുരത്തിയ വീര പഴശ്ശിയുടെ ധീര കഥ. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത കേരളവർമ്മ പഴശ്ശിരാജാവിൻ്റെ കാലടി പതിഞ്ഞ മണ്ണാണ് കുറ്റ്യാടി പുഴയോര ഗ്രാമം. കുറ്റ്യാടി പുഴയോരത്താണ് പഴശ്ശി രാജാവ് കോട്ടയ്ക്കും കോവിലകത്തിനുമായി കുറ്റിയടിച്ചതെന്നും തൊണ്ടിപൊയിൽ ദേശം കുറ്റ്യാടി എന്ന പ്രദേശമായി മാറി എന്നുമാണ് ചരിത്രം. സാമ്രാജ്യത്വ ശക്തികളെ തുരത്താനുള്ള ആസൂത്രണവുമായി വയനാടൻ മലനിരകളിലേക്കുള്ള യാത്രാവേളയിലാണ് കുറ്റ്യാടിയിൽ (തൊണ്ടി പൊയിൽ) വേഷപ്രഛന്നനായി പഴശ്ശി എത്തിയത്. ഇന്നത്തെ കുറ്റ്യാടിയുടെ പരിസര പ്രദേശങ്ങളായ ചേരാപുരം, പാലേരി,നിട്ടൂര് വട്ടോളി, കായക്കൊടി, കാവിലുംപാറ ഭാഗങ്ങളിലെ ജനങ്ങൾ സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ല സമരം പ്രഖ്യാപിച്ച പഴശ്ശിയ്ക്കു പിന്നിൽ അണിനിരന്നു, 1805 കാലഘട്ടങ്ങളിൽ പഴശ്ശിരാജാവ് ആറ് മാസം കുറ്റ്യാടിയിൽ തങ്ങിയിരുന്നതായി പറയപെടുന്നു. കുറ്റ്യാടി, പയ്യോളി പ്രദേശങ്ങളെ കേന്ദ്രീകരിച്ച് സായിപ്പിന്റെ പൊലീസ് പഴശ്ശി പടയെ വലയിലാക്കാൻ ശ്രമിച്ചുവെങ്കിലും നാടൻ തന്ത്രങ്ങൾക്ക് മുന്നിൽ പാളി. കടത്തനാട് പൂർണമായും വെള്ളക്കാരുടെ നിരീക്ഷണത്തിലായിരുന്നു. കുറ്റ്യാടി പരിസര പ്രദേശങ്ങളിലെ സർവമതസ്ഥരും പ്രമാണിമാരും ഭരണകർത്താക്കളും പഴശ്ശിക്ക് ശക്തിപകർന്നു.
"പഴശ്ശിരാജാവ് കോട്ടയ്ക്കും കോവില കനിർമ്മാണത്തിനുമായി കുറ്റിയടിച്ച കുറ്റ്യാടി പുഴയോരത്തെ ചരിത്ര ഭുമിയിൽ പഴയ കാല സ്മരണകളുമായി കുറ്റ്യാടി ഗ്രാമ ന്യായാലയം, കുറ്റ്യാടി പോലീസ് സ്റ്റേഷൻ, സബ്ബ് റജിസ്റ്റർ ആഫീസ്, വില്ലേജ് ഓഫീസ്, പി.ഡബ്ല്യു.ടി ആഫീസ്, ഗസ്റ്റ് ഹൗസ് തുടങ്ങിയ സർക്കാർ സ്ഥാ പനങ്ങൾ സ്ഥിതി ചെയ്യുന്നത് കാണാം." നാരായണി അമ്മ (അദ്ധ്യപിക, സാമൂഹ്യ പ്രവർത്തക).