കോഴിക്കോട്: പുതിയങ്ങാടി- കുണ്ടുപറമ്പ് റോഡിൽ എടക്കാട് മുതലുള്ള വലിയ കുണ്ടും കുഴികളും ജനത്തെ ദുരിതത്തിലാക്കുന്നു. കാൽനടപോലും സാധിക്കാത്ത അവസ്ഥ. കുണ്ടുപറമ്പ് സ്‌കൂളിനു മുന്നിലെ കുഴിക്ക് പ്രായമേറെയായെന്നാണ് നാട്ടുകാർ പറയുന്നത്. മഴ കൂടി പെയ്താൽ തോടായി മാറുന്ന റോഡിലൂടെ ബസ് സർവീസും മറ്റു വാഹനങ്ങൾ കടന്നു പോവുകയും ചെയ്യുന്നുണ്ട്.
കുണ്ടുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിന് മുൻപിലെ റോഡും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴക്കാലമായതിനാൽ റോഡിൽ കെട്ടിക്കിടക്കുന്ന ചെളി വെള്ളത്തിലൂടെ നടന്നാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളും യാത്രക്കാരും ദിവസവും കടന്നു പോകുന്ന ഈ വഴിയിൽ അപകടങ്ങളും സ്ഥിരം കാഴ്ചയാണ്. വെള്ളക്കെട്ട് കച്ചവടക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും വെള്ളം ഒഴുക്കിവിടാനുള്ള ചാലിന്റെ അഭാവവുമാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണങ്ങളായി നാട്ടുകാർ പറയുന്നത്. ഇവിടത്തെ അഴുക്കുചാൽ മണ്ണുമൂടിയ അവസ്ഥയിലാണ്. പരാതികൾ ഉയരുമ്പോൾ മെറ്റൽ നിക്ഷേപിച്ച് കുഴികൾ നികത്തും. എന്നാൽ അടുത്ത മഴയിൽ പഴയ രൂപത്തിലാകും. ഒരു പ്രൈമറി സ്കൂളടക്കം രണ്ടു സ്കൂളുകളാണ് ഈ റോഡിലുള്ളത്. റോഡു പണി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡ് പണി ഉടൻ നടക്കും. റോഡിന്റെ വീതി കൂട്ടും. ഓവുചാൽ നിർമ്മിക്കും. ഇതിലൂടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
-കെ.റീജ (വാർഡ് കൗൺസിലർ, കുണ്ടുപറമ്പ്)