s

പേരാമ്പ്ര: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് എമർജൻസി എക്സിറ്റായി പരിഗണിക്കണമെന്ന ആവശ്യമുയരുന്നു. മേഖലയിലെ രൂക്ഷമായ യാത്രാദുരിതം പരിഹരിക്കാൻ ഈ ചുരമില്ലാപ്പാത സഹായകമാകുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യം ഉൾപ്പെടെ വയനാട്ടിലേക്ക് എത്താൻ ഉപയോഗിച്ചത് സദാ ഗതാഗത കുരുക്കനുഭവപ്പെടുന്ന താമരശേരി ചുരം റോഡിലൂടെയാണ്. മറ്റ് മാർഗമില്ലാത്തതിനാൽ രക്ഷാപ്രവർത്തകരും വാഹനങ്ങളും മറ്റ് ഉപകരണങ്ങളും എത്തിയതും ഇതുവഴിയാണ്.

പരിക്കേറ്റവരെ ദൂരെയുള്ള ആശുപത്രികളിലെത്തിക്കാനും ഡോക്ടർമാരെയും ദുരിതാശ്വാസ പ്രവർത്തകരെയും ദുരിതബാധിത മേഖലയിലെത്തിക്കാനും പ്രയാസം നേരിട്ടു. ഈ സാഹചര്യത്തിലാണ് വയനാടിന്റെ എമർജൻസി എക്സിറ്റായി പരിഗണിക്കാവുന്ന ചുരമില്ലാപ്പാതയായ പൂഴിത്തോട്- പടിഞ്ഞാറത്തറ പാതയുടെ പ്രസക്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സാഹചര്യം മനസിലാക്കി റോഡ് പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അനുമതി 30 വർഷം മുമ്പ്

30 വർഷം മുമ്പ് എല്ലാ അനുമതികളും നൽകി,​ 1994ൽ 70ശതമാനത്തോളം പണികൾ പൂർത്തികരിച്ച പാതയെ പിന്നീട് വിസ്മരിക്കുകയായിരുന്നു. 2012ൽ ബന്ദിപ്പൂർ മേഖലയിലൂടെയുള്ള രാത്രി യാത്രാ നിരോധനം വന്നപ്പോൾ താമരശേരി ചുരം വഴിയുള്ള യാത്ര പ്രതിസന്ധിയിലായി. അന്ന് പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് യഥാർത്ഥ്യമാക്കാൻ ഒറ്റയ്ക്കും കൂട്ടായും അപേക്ഷകളും പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയിരുന്നു.

1.5 കോടി അനുവദിച്ചു

2014ൽ പേരാമ്പ്ര കേന്ദ്രികരിച്ച് ഒരു കൂട്ടായ്മ രൂപീകരിച്ച് എണ്ണമറ്റ പ്രചാരണ പ്രക്ഷോഭ പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് ചക്കിട്ടപാറയിൽ വിപുലമായ കൺവെൻഷൻ ചേർന്ന് പ്രശ്നത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. നിയമസഭയിലും വിഷയം ഉന്നയിച്ചു. തുടർന്ന് 1.5 കോടി രൂപ സർക്കാർ സർവേ പ്രവർത്തനങ്ങൾക്കായി അനുവദിച്ചു. പൂഴിത്തോട് വയനാട് റോഡിനുള്ള പ്രവർത്തനങ്ങൾക്ക് ജീവൻ വച്ചെങ്കിലും പാതിവഴിയിൽ നിലച്ചു.