photo

ബാലുശ്ശേരി: എരമംഗലം പ്രദേശത്ത് പ്രവർത്തിക്കുന്ന ക്രഷറിന്റെയും ക്വാറിയുടെയും പ്രവർത്തനം മൂലം ജീവിതം ദുസഹമായതോടെ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്ത്. ക്വാറികൾക്കും ക്രഷറുകൾക്കും നൽകിയ പ്രവർത്തനാനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

എരമംഗലം ഉപ്പൂത്തികണ്ടി ഒരക്കുനിമലയിൽ പ്രവർത്തിക്കുന്ന ജെ ആൻഡ് പി ക്രഷറും കോമത്ചാലിൽ പ്രവർത്തിക്കുന്ന കോക്കല്ലൂർ ഗ്രാനൈറ്റ് എന്ന ക്വാറിക്കും എതിരെയാണ് പ്രതിഷേധം ശക്തമായത്. ക്വാറികൾ പ്രവർത്തനമാരംഭിച്ചതോടെ കിണറുകളും നാടിന്റെ ജലസ്രോതസ് ആയിരുന്ന തോടും ഉപയോഗ ശൂന്യമായതായി നാട്ടുകാർ പറയുന്നു. വീടുകളിൽ വിള്ളലുകളും സമീപത്തുള്ള മലകളിൽ തുടർച്ചയായി ഉണ്ടാവുന്ന മണ്ണിടിച്ചിലുകളും ജീവൻ തന്നെ ആപത്തിലാക്കുമെന്ന് നാട്ടുകാർ പറയുന്നു. കൊവിഡ് കാലത്ത് കൃത്യമായ പഠനങ്ങളോ നിരീക്ഷണങ്ങളോ ഇല്ലാതെയാണ് അധികാരികൾ ക്വാറിക്ക് അനുമതി നൽകിയതെന്നാണ് സമിതിയുടെ ആരോപണം.

ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു.രാമചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.വി.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഉമ മഠത്തിൽ, നിജേഷ് അരവിന്ദ്, എസ്.എസ്.അതുൽ, കെ.പ്രജീഷ്, എം.ഭാസ്കരൻ, കെ.അഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു.

ഉരുൾപൊട്ടൽ ഭീഷണി

കഴിഞ്ഞ വർഷം വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായ ഒരക്കുനിമല, ചെകിടൻന്മല, കരിയാണിമല, കടുക്കാച്ചി മാക്കുൽ മല തുടങ്ങിയ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായും സമരസമിതി ചൂണ്ടിക്കാട്ടുന്നു. ക്വാറികൾക്കെതിരെ അധികാരപ്പെട്ടവർ നിയമ നടപടി സ്വീകരിക്കും വരെ ശക്തമായ പ്രധിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.