കോഴിക്കോട് :കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ആർ.എസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ ജ്വാല നടത്തി. കമ്മിഷണർ ഓഫീസിന് മുന്നിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
വടകരയിൽ വർഗീയ കാർഡിറക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റ കൃത്യമാണ്. അതിന് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തികൊണ്ടു വരുമെന്ന് നേതാക്കൾ പറഞ്ഞു . വ്യാജ സ്ക്രീൻ ഷോട്ട് മുൻകാലങ്ങളിലും സി.പി.എം പ്രചരിപ്പിച്ചിട്ടുണ്ട്. സംഘപരിവാര ശൈലിയിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന ഗൂഢസംഘങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടു വരും വരെ വിശ്രമിക്കില്ലെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
ദേശീയ വൈസ് പ്രസിഡന്റ് ആഷിക് ചെലവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ, ട്രഷറർ കെ.എം.എ റഷീദ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു.