കുന്ദമംഗലം: ബിരിയാണി ചാലഞ്ചിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്ദമംഗലം എ.യു.പി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥികൾ സ്വരൂപിച്ചത് 16,000 രൂപ.38 വിദ്യാർത്ഥികൾ ചേർന്നാണ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വയനാട് ദുരന്ത പശ്ചാത്തലത്തിൽ ബിരിയാണി ചാലഞ്ച് നടത്തി തുക സ്വരൂപിച്ചത്. സ്കൂളിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക ക്ലാസ് ലീഡർ പി ആദിഷിൽ നിന്ന് പി.ടി.എ റഹീം എം.എൽ.എ ഏറ്റുവാങ്ങി. ഇരട്ടക്കുട്ടികളായ ആത്മിക, അവന്തിക എന്നിവർ ജന്മദിനാഘോഷത്തിന് കരുതിയ തുകയും ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പ്രധാനാദ്ധ്യാപിക കെ ശ്രീജ, എൻ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.