chaliyar

കൊടിയത്തൂർ: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയറിന്റെ വിവിധ ഭാഗങ്ങളിൽ മണൽച്ചാകര. അധികൃതരുടെ അനുമതിയില്ലാതെ മണൽ മാഫിയകൾ രാപ്പകൽ ഭേദമന്യേ മണൽക്കടത്ത് നടത്തുമ്പോൾ ചാലിയാറിൽ കാണാക്കയങ്ങൾ കൂടുതൽ അപകടാവസ്ഥയിൽ. വയനാട്ടിൽ നിന്നുള്ള മൃതദേഹങ്ങൾ ലഭിക്കാനായി ചാലിയാറിൽ തെരച്ചിൽ നടത്തുമ്പോഴും മണൽ വാരലിനെത്തുടർന്ന് രൂപപ്പെട്ട ചുഴികൾ അപകടം വിളിച്ച് വരുത്തുകയാണ്. 2012 ൽ നിരോധിച്ചതാണ് മണലെടുപ്പെങ്കിലും ജില്ലയിലെ പല പുഴകളിൽ നിന്നും മണൽ വാരൽ തുടരുകയാണ്. വിവിധ നിർമ്മാണപ്രവൃത്തികൾക്ക് മണൽ ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ നട്ടം തിരിയുമ്പോഴാണ് നിയമത്തെ നോക്കുകുത്തിയാക്കി ജില്ലയിൽ അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നത്.

ചാലിയാറിന്റേയും മറ്റ് പുഴകളുടേയും കടവുകളിൽ നിന്നാണ് രാപ്പകൽ വ്യത്യാസമില്ലാതെ ടൺ കണക്കിന് മണലാണ് വലിയ വാഹനങ്ങൾ ഉപയോഗിച്ച് കടത്തുന്നത്. അരീക്കോട്, വാഴക്കാട്, മുക്കം മാവൂർ പൊലീസ് പരിധിയിൽപ്പെട്ട സ്ഥലങ്ങളിലാണ് മണൽക്കടത്ത് ഏറെയും. കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് കടത്തുന്ന മണൽ എത്തിക്കുന്നത്.

പ്രകൃതി ദുരന്തത്തെ തുടർന്ന് ക്വാറികൾ പ്രവർത്തിക്കുന്നത് വിലക്കേർപ്പെടുത്തിയതും മണൽക്കടത്തുകാർക്ക് സുവർണകാലമാകുകയാണ്. ഇരുമ്പ് തോണികളിൽ ചെറുമോട്ടോറുകൾ സ്ഥാപിച്ചാണ് മണൽ കൊണ്ടുപോകുന്നത്. പൊലീസിൽ പലതവണ പരാതിപ്പെട്ടെങ്കിലും പരിശോധന കൃത്യമായി നടക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

 മണൽ വാരാൻ അനുമതി വേണം

മണൽക്കടത്ത് തടയുകയോ നിയമാനുസൃതമായി മണൽ എടുക്കാൻ അനുമതി നൽകണമെന്നുമാണ് പുഴയോര വാസികളുടെ നിരന്തരമായ ആവശ്യം. കാലവർഷ പ്രളയത്തിൽ പുഴയിൽ വന്നടിഞ്ഞ മണൽ വാരാൻ കരാർ നൽകിയാൽ വർഷം തോറും സർക്കാരിലേക്ക് കോടിക്കണക്കിന് രൂപയാണ് വരുമാനമായി എത്തുക. മണലിനായി പരക്കം പായുന്ന ജനങ്ങൾക്ക് ആവശ്യത്തിന് മണൽ എത്തിക്കാനും സാധിക്കും. എന്നാൽ പുഴകളിൽ നിന്ന് മണൽവാരാൻ നിയമാനുസൃതമായി അനുമതി നൽകാത്തതിനാൽ മണൽ മാഫിയ വ്യാപകമായി മണൽ കടത്തുകയാണ്. ഇതിലൂടെ സർക്കാരിന് ലഭിക്കേണ്ട കോടികളാണ് സംഘം കെെക്കലാക്കുന്നത്. അതേ സമയം പുഴയിലെ മണൽ യഥാസമയം നീക്കം ചെയ്തില്ലെങ്കിൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും പറയുന്നത്. മണൽ കൊള്ള അവസാനിപ്പിച്ച് പുഴയിലെ മണൽ ലേലം ചെയ്ത് സാധാരണക്കാർക്കു കൂടി ലഭിക്കാവുന്ന തരത്തിലുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

''നാട്ടുകാരുടെ പരാധികതൾ ലഭിക്കുന്നുണ്ട്. നിയമാനുസൃതമായി മണൽ എടുക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നുണ്ട്'' ദിവ്യ ഷിബു,

പ്രസിഡന്റ്

കൊടിയത്തൂർ പഞ്ചായത്ത്

''അനധികൃതമായി മണൽവാരുന്നത് തടയണം. മാത്രമല്ല നിയമാനുസൃതമായ രീതിയിൽ മണലെടുക്കാൻ അനുമതി നൽകണം''- സി.ടി മുനീർ,

പൊതുപ്രവർത്തകൻ