കോഴിക്കോട് : കുണ്ടുപറമ്പിലെ പകൽവീട് വയോജനങ്ങൾക്ക് വിശ്രമിക്കാനുള്ള സ്ഥലം മാത്രമല്ല. വരുമാനം കണ്ടെത്തുന്ന ഇടം കൂടിയാണ്. വീട്ടിൽ ഒറ്റപ്പെട്ടു പോയ വാർദ്ധക്യത്തെ കൈപിടിച്ചു കയറ്റി അവരുമായ് ചേർന്ന് ഒരു സംരംഭം തുടങ്ങിയിരിക്കുകയാണ് കൂണ്ടുപറമ്പിലെ പകൽവീട്. കോർപ്പറേഷന്റെ സഹായത്തോടെ "ഗ്രാൻഡ് മാം മാജിക് "എന്ന പേരിൽ ഹാൻഡ് വാഷ്, ഡിഷ് വാഷ് എന്നീ ഉത്പന്നങ്ങളാണ് ഇവർ നിർമ്മിച്ച് പുറത്തിറക്കുന്നത്. പരിശീലനം നൽകാൻ അദ്ധ്യാപികയുടെ സഹായവും ഇവർക്കുണ്ട്. ആറ് ഗ്രൂപ്പുകളായിട്ടാണ് പ്രവർത്തനം.
ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ചടങ്ങ് മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംരംഭത്തിന് കോർപ്പറേഷന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് മേയർ ഉറപ്പ് നൽകി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലാദ്യമായാണ് ഇത്തരം ഒരു സംരംഭം പകൽവീടിൽ നിന്നും ആരംഭിക്കുന്നതെന്നും കൂടുതൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും, പച്ചക്കറി കൃഷിയ്ക്കായി വിത്തുകൾ നൽകാൻ തയ്യാറാണെന്നും എം.എൽ.എ വ്യക്തമാക്കി. ക്ഷേമ കാര്യ സ്ഥിരം സമിതി അംഗം പി. ദിവാകരൻ, കുണ്ടുപറമ്പ് വാർഡ് കൗൺസിലർ കെ. റീജ എന്നിവർ പങ്കെടുത്തു. സംരംഭത്തിൽ അന്തേവാസികൾക്ക് കൂട്ടായ് കുണ്ടുപറമ്പ്, കാരപ്പറമ്പ് സ്കൂളുകളിലെ വിദ്യാർത്ഥികളുമുണ്ട്.വരും മാസങ്ങളിൽ ഉത്പന്നങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും. നിലവാരം ഉയർത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് പകൽവീട് അന്തേവാസികൾ പറഞ്ഞു.