khadi

കോഴിക്കോട്: കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഖാദി ഓണം മേള 2024 യ്ക്ക് ജില്ലയിൽ തുടക്കം. ചെറൂട്ടി റോഡിൽ കോടതിക്ക് സമീപം കേരള സർക്കാരിന്റെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ വനം-വന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് ആദ്യവിൽപനയും സമ്മാനപദ്ധതിയുടെ ആദ്യകൂപ്പൺ വിതരണ ഉദ്‌ഘാടനവും നിർവഹിച്ചു.

കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപം, വടകര പഴയ ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ബാലുശ്ശേരി അറപ്പിടിക, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി ബോർഡിന്റെ ഷോറൂമുകളിൽ 14 വരെ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വിലക്കിഴിവ് ലഭിക്കും.

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ ബാങ്ക് ജീവനക്കർക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് പർച്ചേസിനുള്ള സൗകര്യവും ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ അംഗീകൃത ഷോറൂമുകളിൽ അനുവദിച്ചിട്ടുണ്ട്. പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും രാവിലെ 9 മുതൽ വൈകിട്ട് 8.30 വരെ ഖാദി ബോർഡിന്റെ ഷോറൂമുകൾ പ്രവർത്തിക്കും.