
ബേപ്പൂർ: മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ അന്യസംസ്ഥാന തൊഴിലാളിയെക്കുറിച്ച് യാതൊരു വിവരവുമില്ല. കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടുകൾ എന്നിവ തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 11ന് ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മാമന്റകത്ത് ഹനീഫയുടെ ഉടമസ്ഥതയിലുള്ള ഗയിൻ 2 ബോട്ടിലെ തൊഴിലാളിയായ കൊൽക്കത്ത പർഗാന അക്ഷയ് നഗർ സ്വദേശി കലുദാസിനെയാണ് (42) പൊന്നാനി ഭാഗത്ത് 36 നോട്ടിക്കൽ അകലെ വച്ച് കാണാതായത്. കലുദാസിന്റെ മകനും ബോട്ടിൽ ഉണ്ടായിരുന്നു.
കലുദാസിനെ കാണാതായ വിവരമറിഞ്ഞ് ഭാര്യയും ബന്ധുക്കളും ഇന്നലെ രാവിലെ ബേപ്പൂരിലെത്തി. ബന്ധുക്കളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. മത്സ്യബന്ധനത്തിനിടെ പ്രൊപ്പലറിൽ കുടുങ്ങിയ വല നീക്കം ചെയ്യാൻ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രേമൻ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, എം.കെ.രാഘവൻ എം.പി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.